സംസ്ഥാന സ്‌കൂൾ കായികമേളയിൽ പുതിയ മീറ്റ് റെക്കോഡോടെ ആലപ്പുഴയുടെ അതുൽ ടി.എം വേഗതാരമായി മാറി. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ 10.63 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അതുൽ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ആലപ്പുഴ ഗവ. ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം സ്‌കൂളിലെ വിദ്യാർത്ഥിയായ അതുൽ, 2011-ൽ കോതമംഗലം മാർബേസിൽ എച്ച്.എസ്.എസ്സിലെ ജിജിൻ വിജയൻ കുറിച്ച 10.7 സെക്കൻഡിന്റെ 15 വർഷം പഴക്കമുള്ള റെക്കോഡാണ് ഇതോടെ തകർത്തത്. ഈ ഇനത്തിൽ ശ്രീഹരി സി (10.74 സെക്കൻഡ്) വെള്ളിയും ട്രോയ് എം.എസ് (10.91 സെക്കൻഡ്) വെങ്കലവും നേടി.
സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് വി.എം.എച്ച്.എസ് വടവന്നൂരിലെ ഋതുപർണ സ്വർണം സ്വന്തമാക്കി. 12.43 സെക്കൻഡിലാണ് ഋതുപർണ ഫിനിഷ് ചെയ്തത്. ഈ വിഭാഗത്തിൽ 12.73 സെക്കൻഡിൽ ഫിനിഷ് ചെയ്ത ശ്രേയ ആർ വെള്ളിയും 12.86 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ട സരയു ലക്ഷ്മി വെങ്കലവും കരസ്ഥമാക്കി.
ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ ആലപ്പുഴയുടെ മിലൻ ജോർജ് (11.02 സെക്കൻഡ്) സ്വർണവും കോട്ടയത്തിന്റെ വിഷാനു യാദവ് (11.07 സെക്കൻഡ്) വെള്ളിയും നേടി. തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂളിലെ ഗൗരേഷ് ബിനോയ് (11.27 സെക്കൻഡ്) വെങ്കലം നേടി. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിലെ ജിൽഷ ജിനിൽ 12.29 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം കരസ്ഥമാക്കി. പാലക്കാട് ബി.എം.എച്ച്.എസ്.എസ്സിലെ ആൻവി (12.65 സെക്കൻഡ്) വെള്ളിയും ആലപ്പുഴ സെന്റ് ജോസഫ് ജി.എച്ച്.എസ്.എസ്സിലെ സ്‌നേഹ ശ്യാം (12.82 സെക്കൻഡ്) വെങ്കലവും നേടി.
സബ് ജൂനിയർ വിഭാഗത്തിലും തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂൾ വിദ്യാർത്ഥികൾ മികവ് പുലർത്തി. ആൺകുട്ടികളുടെ 100 മീറ്ററിൽ ശ്രീഹരി എം 12.01 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി. മലപ്പുറം കടകശ്ശേരി ഐഡിയൽ സ്‌കൂളിലെ മുഹമ്മദ് ഇസാൻ (12.13 സെക്കൻഡ്) വെള്ളിയും കോഴിക്കോട് മേപ്പയൂർ ജി.വി.എച്ച്.എസ്.എസ്സിലെ ഫസൽ മുഹമ്മദ് (12.18 സെക്കൻഡ്) വെങ്കലവും നേടി. സബ് ജൂനിയർ പെൺകുട്ടികളിൽ ജി.വി. രാജയിലെ തന്നെ സങ്കീർത്തന എസ് 13.10 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ട് സ്വർണം സ്വന്തമാക്കി. ആലപ്പുഴ സെന്റ് ജോസഫ് ജി.എച്ച്.എസ്.എസ്സിലെ ഹർഷ ജോൺ (13.20 സെക്കൻഡ്) വെള്ളിയും ആലപ്പുഴ ഗവ. യു.പി.എസ്.ടിയിലെ സ്‌നേഹ എസ് (13.38 സെക്കൻഡ്) വെങ്കലവും നേടി.
ട്രാക്കിൽ മിന്നൽ വേഗം: റെക്കോഡ് നേട്ടത്തോടെ അതുലും സ്വർണ്ണത്തോടെ ഋതുപർണയും കായികമേളയിലെ വേഗരാജാക്കന്മാർ