കോഴിക്കോട്: സംസ്ഥാന സ്കൂൾ കായിക മേളയിൽ മീറ്റ് റെക്കോർഡോടെ വേഗരാജാവായി മാറിയ ടി.എം. അതുലിന് പിന്തണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സഞ്ജു സാംസണിന്റെ ഫൗണ്ടേഷനാണ് അതുലിന്റെ സമ്പൂർണ്ണ സ്പോൺസർഷിപ്പ് ഏറ്റെടുത്തിരിക്കുന്നത്. കായിക മേഖലയിൽ മികവ് പുലർത്തുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അതുലിന്റെ യാത്രാച്ചെലവുകൾ, പരിശീലന ചെലവ്, സ്പൈക്സ്, ജഴ്സി, ഭക്ഷണം തുടങ്ങിയ എല്ലാ കാര്യങ്ങളും സഞ്ജുവാണ് വഹിക്കുന്നത്.
കഴിഞ്ഞ വർഷം തിരുവനന്തപുരത്തു നടന്ന കായിക മേളയിൽ അതുൽ റെക്കോർഡിട്ടതോടെയാണ് താരം പിന്തുണയുമായി എത്തിയത്. ഗോവയിൽ നടന്ന വേൾഡ് സ്കൂൾ കായിക മേളയിൽ പങ്കെടുക്കാൻ അതുലിന് പോകാനുള്ള വിമാന ടിക്കറ്റുകൾ ഉൾപ്പെടെ നൽകിയത് സഞ്ജുവായിരുന്നു. നിലവിൽ കോഴിക്കോട് നടക്കുന്ന കായിക മേളയിൽ 100 മീറ്ററിൽ 10.63 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മീറ്റ് റെക്കോർഡോടെ സ്വർണം നേടിയ അതുലിനെ സഞ്ജു സാംസൺ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു. അതുലിനായി സഞ്ജു സാംസൺ ഫൗണ്ടേഷൻ ഉടൻ സ്വീകരണ പരിപാടി സംഘടിപ്പിക്കും.
ചേർത്തല ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം സ്കൂളിലെ അത്‍ലീറ്റാണ് അതുൽ. മരാരിക്കുളം സ്വദേശിയായ ഈ കൊച്ചുതാരത്തിന്റെ പിതാവ് മാർട്ടിൻ ഒരു മത്സ്യത്തൊഴിലാളിയാണ്. കേരള സ്പോർട്സ് കൗൺസിലിന്റെ പരിശീലകനായ സാം ജിയുടെ കീഴിലാണ് അതുൽ പരിശീലനം നടത്തുന്നത്. കഴിഞ്ഞ വർഷം ജൂനിയർ വിഭാഗത്തിൽ 100 മീറ്ററിലും (10.81 സെക്കൻഡ്) 200 മീറ്ററിലും (21.87 സെക്കൻഡ്) അതുൽ മീറ്റ് റെക്കോർഡുകൾ കുറിച്ചിരുന്നു.
നിലവിൽ ട്വന്റി20 പരമ്പരയ്ക്കായി ന്യൂസീലൻഡിലാണ് സഞ്ജു സാംസൺ ഉള്ളത്. പരമ്പരയിലെ ഒന്നാം മത്സരത്തിൽ 67 റൺസ് നേടി മികച്ച ഫോമിൽ കളിക്കുന്ന സഞ്ജു, ടീമിലെ തിരക്കുകൾക്കിടയിലും അതുലിന്റെ വിജയം ആഘോഷിക്കാൻ സമയം കണ്ടെത്തുകയായിരുന്നു.
അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ