കാഞ്ഞങ്ങാട്: തിരുവോണം ബംബറിന് പിന്നാലെ പൂജാ ബംബര്‍ ലോട്ടറി വില്പനയിലും ചരിത്രനേട്ടം സ്വന്തമാക്കി കേരള ഭാഗ്യക്കുറി വകുപ്പ്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും പൂര്‍ണ്ണമായി വിറ്റഴിഞ്ഞു. 12 കോടി രൂപ ഒന്നാംസമ്മാനമുള്ള പൂജാ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന് നടക്കും. കഴിഞ്ഞ വര്‍ഷം 40 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 39,10,660 ടിക്കറ്റുകളാണ് വിറ്റിരുന്നത്.
2023-ലും 2024-ലും 45 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചിരുന്നുവെങ്കിലും ആറുലക്ഷത്തോളം ടിക്കറ്റുകള്‍ ഓരോ വര്‍ഷവും ബാക്കിയായിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം അച്ചടി 40 ലക്ഷമായി കുറച്ചത്. എന്നാല്‍ ഈ വര്‍ഷം പുറത്തിറങ്ങിയ എല്ലാ ബംബര്‍ ടിക്കറ്റുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രതിദിന ടിക്കറ്റുകള്‍ 10 ലക്ഷത്തോളം ബാക്കിയായിരുന്ന ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ പോലും ബംബര്‍ ടിക്കറ്റുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടായിരുന്നു.
300 രൂപ ടിക്കറ്റ് നിരക്കും 12 കോടി രൂപ ഒന്നാംസമ്മാനവുമുണ്ടായിരുന്ന വിഷു ബംബറിന്റെ 45 ലക്ഷം ടിക്കറ്റുകളും മുഴുവനായും വിറ്റുപോയിരുന്നു; കഴിഞ്ഞ വര്‍ഷം 42.87 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. 250 രൂപ നിരക്കിലും 10 കോടി രൂപ ഒന്നാംസമ്മാനവുമുണ്ടായിരുന്ന മണ്‍സൂണ്‍ ബംബറിന്റെ 40 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം 34 ലക്ഷം ടിക്കറ്റുകള്‍ വിറ്റിടത്താണ് ആറുലക്ഷം ടിക്കറ്റിന്റെ വര്‍ധനയുണ്ടായത്.
തുടര്‍ന്ന് പുറത്തിറങ്ങിയ തിരുവോണം ബംബറിലും വന്‍ വില്പനയാണ് നടന്നത്. ആദ്യമായി 30 കോടി രൂപ ഒന്നാംസമ്മാനം പ്രഖ്യാപിച്ച 500 രൂപയുടെ തിരുവോണം ബംബറിന്റെ 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു. കമ്മിഷനും സമ്മാനത്തുകയും കഴിഞ്ഞുള്ള ലാഭമായി 241.20 കോടി രൂപയാണ് തിരുവോണം ബംബറിലൂടെ ഖജനാവിലെത്തിയത്. ഇതിനിടെ 25 കോടി രൂപ ഒന്നാംസമ്മാനമുള്ള ക്രിസ്മസ് ബംബര്‍ ടിക്കറ്റുകളും വിപണിയിലെത്തിക്കഴിഞ്ഞു.
പൂജാ ബംബര്‍ നറുക്കെടുപ്പ് ഇന്ന്; റെക്കോഡ് വില്‍പ്പന; അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റു