വീണ്ടും കുതിച്ച് സ്വർണവില; പവന് 1,15,080 രൂപ, 1.15 ലക്ഷം കടന്ന് വില
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും 1.15 ലക്ഷം രൂപ കടന്നു. ഇന്ന് പവന് 120 രൂപ വർധിച്ചതോടെയാണ് വില വീണ്ടും ഈ നിലയിലെത്തിയത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,15,080 രൂപയാണ് വില. ഗ്രാമിന് 15 രൂപ വർധിച്ച് 14,385 രൂപയായി.
ഒരാഴ്ചയ്ക്കിടെ പവന് 5,000 രൂപയോളം കുറഞ്ഞതിന് പിന്നാലെയാണ് സ്വർണവില വീണ്ടും തിരിച്ചുകയറിയത്. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്.
ആഗോള വിപണിയിൽ സ്വർണവില ഉയർന്നതാണ് കേരളത്തിലും വില വർധിക്കാൻ കാരണമായത്. അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകളും യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്കുമായി ബന്ധപ്പെട്ട സൂചനകളും സ്വർണവിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കും ക്രൂഡ് ഓയിൽ വിലയിലെ വ്യതിയാനങ്ങൾക്കും സ്വർണവിലയിൽ സ്വാധീനമുണ്ട്.
അമേരിക്ക-ഇറാൻ സംഘർഷം ഉൾപ്പെടെയുള്ള ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നതും വില ഉയരാൻ കാരണമാകുന്നതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു.
ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് കേരളത്തിലെ സ്വർണവിലയിലെ റെക്കോർഡ് ഉയരം. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.