ഷിംല: ഗാന്ധി കുടുംബത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചതിന് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ ഷിംല പൊലീസ് കേസെടുത്തു. മാനനഷ്ടം, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി വെള്ളിയാഴ്ചയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. നവംബർ 10-ന് കങ്കണയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ (@KanganaTeam) പങ്കുവെച്ച പോസ്റ്റുകൾക്കെതിരെ ഷിംല സ്വദേശിയായ ക്യാപ്റ്റൻ അതുൽ ശർമ്മ ഹിമാചൽ പ്രദേശ് ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് നടപടി.
നവംബർ 12-നാണ് ഇതുസംബന്ധിച്ച് പരാതി ലഭിച്ചത്. ഗാന്ധി കുടുംബത്തിന്റെ പഴയകാല വീഡിയോ ദൃശ്യങ്ങൾക്കൊപ്പം പങ്കുവെച്ച പോസ്റ്റുകളിൽ മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കോൺഗ്രസ് നേതാവ് സഞ്ജയ് ഗാന്ധി എന്നിവരുടെ മരണത്തെക്കുറിച്ചുള്ള ദുസ്സൂചനകൾ അടങ്ങിയിട്ടുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. കൂടാതെ, സോണിയ ഗാന്ധിയെ 'ദുരൂഹയായ വിദേശ പൗര' എന്ന് വിശേഷിപ്പിച്ചതായും, കുടുംബത്തിലെ മൂന്ന് പേരുടെ മരണങ്ങളെ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവുമായി താരതമ്യം ചെയ്യുന്ന തരത്തിലാണ് പോസ്റ്റുകളെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സഞ്ജയ് ഗാന്ധിയുടെ മരണശേഷം മനേക ഗാന്ധിയെ കുടുംബവീട്ടിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ചും വിവാദ പോസ്റ്റിൽ പരാമർശമുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 353 (പൊതുവിപത്തിന് കാരണമാകുന്ന പ്രസ്താവനകൾ), 356 (മാനനഷ്ടം), 196 (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഷിംല എസ്.പി ഗൗരവ് സിംഗ് സ്ഥിരീകരിച്ചു. സംഭവത്തിൽ സൈബർ ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ഗാന്ധി കുടുംബത്തിനെതിരെ അപകീർത്തികരമായ പോസ്റ്റ്; ബിജെപി എംപി കങ്കണ റണാവത്തിനെതിരെ കേസെടുത്ത് പൊലീസ്
മുൻ പ്രധാനമന്ത്രിമാരുടെയും സോണിയ ഗാന്ധിയുടെയും പേരുകൾ പരാമർശിച്ചുള്ള എക്സ് പോസ്റ്റുകളിലാണ് നടപടി; സൈബർ ഫോറൻസിക് പരിശോധനയടക്കം അന്വേഷണം പുരോഗമിക്കുന്നു