ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ അഗ്നിവീർ റിക്രൂട്ട്‌മെന്റ് പോർട്ടലിൽ നിന്ന് വിവരങ്ങൾ ചോർത്തി ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ച 14-കാരനെ ഡൽഹി പൊലീസ് പിടികൂടി. 500 ഡോളർ മൂല്യമുള്ള ക്രിപ്‌റ്റോകറൻസിക്ക് പകരമായി വിവരങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ചോർത്തിയ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന കാര്യം ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷനസ് (IFSO) വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഉറവിടം ഹരിയാനയിലെ ബല്ലബ്ഗഢാണെന്ന് കണ്ടെത്തിയതും, സ്വകാര്യ സ്കൂൾ വിദ്യാർഥിയായ 14-കാരനെ കസ്റ്റഡിയിലെടുത്തതും.
കുട്ടിയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചതിൽ നിന്നും ചോർത്തിയെടുത്ത രേഖകൾ പൊലീസ് കണ്ടെടുത്തു. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം കുട്ടിയെ വിട്ടയച്ചെങ്കിലും ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ഈ പോർട്ടലിന്റെ നിയമസാധുതയും ചോർന്ന വിവരങ്ങളുടെ ആധികാരികതയും പരിശോധിക്കാൻ ഡൽഹി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.
കര, നാവിക, വ്യോമ സേനകളിൽ രണ്ട് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയ 2,500-ലധികം അഗ്നിവീറുകളുടെ വിവരങ്ങളാണ് കുട്ടി കൈക്കലാക്കിയത്. സേവനത്തിന് ശേഷം സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് (CAPF), സംസ്ഥാന പൊലീസ് സേനകൾ തുടങ്ങിയ സർക്കാർ മേഖലകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്കായി ഈ വർഷം ഫെബ്രുവരിയിലെ വിജ്ഞാപന പ്രകാരം ആഭ്യന്തര മന്ത്രാലയം വികസിപ്പിച്ച പോർട്ടലിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്.
എഐ ഉപയോഗിച്ച് അഗ്നിവീർ പോർട്ടലിൽ നിന്ന് വിവരങ്ങൾ ചോർത്തി; ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമിച്ച 14-കാരൻ പിടിയിൽ