സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയെന്നതാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് മന്ത്രി കെ. മുരളീധരൻ. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഉള്ളിയേരി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ പ്രധാന ആശ്രയകേന്ദ്രങ്ങളായ സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ചില ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത അവസ്ഥ പരിഹരിക്കുന്നതിനായി 1800-ഓളം പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നു ഘട്ടങ്ങളിലായി ഈ തസ്തികകൾ സൃഷ്ടിച്ച് നിയമനം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.