ജിയോ ഐ.പി.ഒ.യ്ക്ക് വൻതോതിൽ വിദേശ നിക്ഷേപമെത്തിയത് രൂപയുടെ മൂല്യത്തെ തുണച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 46 പൈസ ഉയർന്ന് 94.47 ലെത്തി. ജൂൺ 25-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായി എട്ടു വ്യാപാര ദിനങ്ങളിൽ മൂല്യം ഉയർന്നതോടെ ഏഷ്യയിലെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന രണ്ടാമത്തെ കറൻസിയായി രൂപ മാറി.
ജിയോ പ്ലാറ്റ്‌ഫോംസിന്റെ മെഗാ ഐ.പി.ഒ.യുമായി ബന്ധപ്പെട്ട് ഏകദേശം ഏഴ് ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെ വിപണിയിലെത്തുന്നത്. ഇതോടൊപ്പം ഡോളറിന്റെ അനാവശ്യമായ ഊഹക്കച്ചവടങ്ങൾ തടയാൻ ആർ.ബി.ഐ. എടുത്ത നടപടികളും രൂപയുടെ മുന്നേറ്റത്തിന് വഴിയൊരുക്കി. പൊതുമേഖലാ എണ്ണ കമ്പനികൾക്കായി പ്രത്യേക ഡോളർ വിൻഡോ അനുവദിച്ചതും ഫോറിൻ എക്സ്ചേഞ്ച് റിസ്ക് റിസർവ് വ്യവസ്ഥകൾ കടുപ്പിച്ചതും വിപണിയിൽ ഡോളറിന്റെ ആവശ്യം കുറയ്ക്കാൻ സഹായിച്ചു.
അതേസമയം, ആഗോളവിപണിയിൽ വർധിച്ചുവരുന്ന എണ്ണവിലയും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും രൂപയുടെ സ്ഥിരതയ്ക്ക് ഭാവിയിൽ വെല്ലുവിളിയായേക്കാം. ഐ.പി.ഒ. വഴിയുള്ള പണവരവ് കുറയുമ്പോൾ വിപണിയിലെ ഡോളർ ആവശ്യം ആർ.ബി.ഐ. എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും രൂപയുടെ തുടർന്നുള്ള മുന്നേറ്റം.