ചെന്നൈ: ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ നിരവധി വിവാദങ്ങളിലൂടെയും വിചിത്ര നടപടികളിലൂടെയും ശ്രദ്ധേയനായ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സി.എസ്. കര്ണന് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
1955 ജൂണ്‍ 12-ന് തമിഴ്നാട്ടിലെ കൂടല്ലൂര്‍ ജില്ലയിലെ കര്ണാതത്തിലാണ് അദ്ദേഹം ജനിച്ചത്. മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം, 2009 മാര്‍ച്ചിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്. ഔദ്യോഗിക ജീവിതത്തിലുടനീളം സഹപ്രവര്‍ത്തകരായ ജഡ്ജിമാര്‍ക്കെതിരെയും ഉന്നത നീതിപീഠത്തിനെതിരെയും അദ്ദേഹം നടത്തിയ പരസ്യപ്രസ്താവനകളും പോരാട്ടങ്ങളും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഔദ്യോഗിക പദവിയിലിരിക്കെ കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ച രാജ്യത്തെ ആദ്യത്തെ സിറ്റിംഗ് ജഡ്ജിയാണദ്ദേഹം. ഒളിവില്‍ കഴിയവെ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന രാജ്യത്തെ ആദ്യ ജഡ്ജി, പദവിയിലിരിക്കെ അറസ്റ്റ് നേരിട്ട ആദ്യ ന്യായാധിപന് തുടങ്ങി നിരവധി സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി മാറി. ജാതിവിവേചനത്തിനെതിരെ ദേശീയ പട്ടികജാതി കമ്മീഷന് മുമ്പാകെ പരാതി നല്കിയതും, മാനസികനില പരിശോധനയ്ക്ക് വിധേയനാകാന്‍ സുപ്രീം കോടതി ഉത്തരവിട്ടതും നീതിന്യായ ചരിത്രത്തിലെ അഭൂതപൂര്‍വ്വമായ സംഭവങ്ങളായിരുന്നു.
2017 ജൂണ്‍ 12-നാണ് അദ്ദേഹം ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിച്ചത്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും വിവിധ വിവാദങ്ങളുടെയും നിയമനടപടികളുടെയും പേരില്‍ അദ്ദേഹം പൊതുശ്രദ്ധയില്‍ തുടര്‍ന്നിരുന്നു.
ജസ്റ്റിസ് സി.എസ്.കര്ണന് അന്തരിച്ചു; ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദിച്ച ന്യായാധിപൻ