ജമ്മു: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ പട്രോളിംഗിനിടയില്‍ രണ്ട് സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ കാണാതായി. ബുധനാഴ്ച ഡച്ചാന്-മര്‍വ മേഖലയിലാണ് സംഭവം. തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ വന്‍ തെരച്ചില്‍ ആരംഭിച്ചു. എസ്പിഒമാരായ റാഷ്പാല്‍ കുമാര്‍ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കാണാതായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സൈന്യത്തോടൊപ്പം പട്രോളിംഗ് നടത്തിയിരുന്ന ഇവര്‍ ധേര്ണ പോസ്റ്റിലേക്ക് മടങ്ങുന്നതിനിടയിലാണ് കാണാതായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവദിവസം പകല്‍ സമയത്ത് പ്രദേശത്ത് വെടിവെയ്പ് ശബ്ദം കേട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തുടക്കത്തില്‍ ഇവരുടെ മൊബൈല്‍ ഫോണുകള്‍ റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാകുകയായിരുന്നു. ഇരുവരെയും കണ്ടെത്താന്‍ പൊലീസും സുരക്ഷാ സേനയും സംയുക്തമായി തെരച്ചില്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 16-ന് കിഷ്ത്വാറിലെ വാനിപോര ട്രിഗാമിലെ വീടിന് സമീപം മറ്റൊരു എസ്പിഒയായ 55 കാരന് ബഷീര്‍ അഹമ്മദിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെദില് പോലീസ് പോസ്റ്റില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം സര്‍വീസ് റൈഫിളുമായി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാണാതായത്. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കള്‍ തന്നെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായിരുന്നു.
കിഷ്ത്വാറില്‍ പട്രോളിംഗിനിടെ രണ്ടു സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ കാണാതായി; തെരച്ചില്‍ ഊര്‍ജ്ജിതം