തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ നിർണായക പുരോഗതി. ആത്മഹത്യ ചെയ്ത പതി-ബെൽ പ്രോജക്ട് മാനേജർ ലീ സി ബിൻ്റെ സഹായിയായ ഷാജഹാന്റെ മൊഴി വിജിലൻസ് സംഘം രേഖപ്പെടുത്തി. പൊതുമരാമത്ത് ഉദ്യോഗസ്ഥർ ബില്ലുകൾ തടഞ്ഞുവച്ചതിനെ തുടർന്ന് ലീ മാനസികമായി തകർന്നുവെന്നും, കൈക്കൂലി ആവശ്യപ്പെട്ട കാര്യം ലീ തന്നോട് പറഞ്ഞിരുന്നുവെന്നും ഷാജഹാൻ മൊഴിയിൽ വ്യക്തമാക്കി. കൂടാതെ, ഇക്കാര്യങ്ങൾ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നതായി കമ്പനിയിലെ ചില ജീവനക്കാർ മുഖേന അന്ന് അറിഞ്ഞിരുന്നുവെന്നും മൊഴിയിലുണ്ട്.
കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപി (KSTP) പദ്ധതിയിൽ അഴിമതി നടത്തിയെന്നും, ജീവനൊടുക്കിയ പ്രോജക്ട് മാനേജർ ലീ സി ബിന്നിൽ നിന്ന് കൈക്കൂലി ചോദിച്ചെന്നുമുള്ള വെളിപ്പെടുത്തലിലാണ് ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്താണ് ഇന്തോ-മലേഷ്യൻ കൺസോർഷ്യമായ പതി-ബെൽ കെഎസ്ടിപി റോഡ് പദ്ധതിയുടെ കരാർ ഏറ്റെടുത്തത്. സംസ്ഥാനത്തെ പ്രവൃത്തികളുടെ ബില്ലുകൾ മാറിനൽകാത്തതിനാലാണ് ലീ സി ബിൻ ജീവനൊടുക്കിയതെന്നാണ് പ്രധാന ആരോപണം.
ഗ്യാനേഷ് കുമാർ കെഎസ്ടിപി കരാർ ഏറ്റെടുത്തിരുന്ന പതിബെലിന് ബില്ലുകൾ മാറിനൽകിയില്ലെന്നും, ബില്ലുകൾ മാറാൻ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും ലീ തന്നോട് പറഞ്ഞതായി പതിബെൽ കമ്പനിയുടെ ഉപകരാറുകാരനായ സാജൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലീയുടെ ആത്മഹത്യയ്ക്ക് കാരണം ഗ്യാനേഷ് കുമാർ ആണെന്നും, സംഭവത്തിൽ വിജിലൻസ് മുൻപ് നടത്തിയ അന്വേഷണം അദ്ദേഹത്തെ വെള്ളപൂശാൻ വേണ്ടിയുള്ളതാണെന്നും സാജൻ ആരോപിച്ചിരുന്നു.
സാജന്റെ ഈ പുതിയ വെളിപ്പെടുത്തലുകളുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടത്. നിലവിൽ വിജിലൻസിന്റെ തിരുവനന്തപുരത്തെ പ്രത്യേക യൂണിറ്റാണ് കേസിന്റെ അന്വേഷണച്ചുമതല വഹിക്കുന്നത്.
ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; ആത്മഹത്യ ചെയ്ത പ്രോജക്ട് മാനേജറുടെ സഹായിയുടെ മൊഴി രേഖപ്പെടുത്തി