ന്യൂഡൽഹി: രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് (NBFC) നേരെ നടന്ന അതിശക്തമായ സൈബർ ആക്രമണങ്ങളിലൂടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏകദേശം 300 കോടി രൂപ തട്ടിയെടുക്കപ്പെട്ടതായി റിപ്പോർട്ട്. ചെറുകിട വായ്പാ സ്ഥാപനങ്ങളെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിട്ടത്. സംഭവങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനോടകം 150-ഓളം പരാതികളും എഫ്.ഐ.ആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ഇത്തരം സൈബർ ആക്രമണങ്ങളിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ചില ധനകാര്യ സ്ഥാപനങ്ങൾ ഒന്നിലധികം തവണ ആക്രമണത്തിന് ഇരയായി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് ആദ്യ ആക്രമണത്തിൽ 7.5 കോടി രൂപയും ദിവസങ്ങൾക്ക് ശേഷം നടന്ന രണ്ടാമത്തെ ആക്രമണത്തിൽ 7.25 കോടി രൂപയും നഷ്ടപ്പെട്ടു. വാർഷിക ഇടപാടുകൾ 1,000 കോടി രൂപയോ അതിൽ താഴെയോ ഉള്ള ചെറുകിട എൻബിഎഫ്സികളെയാണ് ഇത് സാരമായി ബാധിച്ചത്. ഇവയുടെ സൈബർ സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകളാണ് തട്ടിപ്പിന് വഴിയൊരുക്കിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈയിൽ 30-ഓളം കേസുകളും ഡൽഹിയിൽ 25-ലേറെ കേസുകളും ചെന്നൈയിൽ 16-ഓളം കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പണം തട്ടിയെടുക്കുന്നത് എങ്ങനെ?
ധനകാര്യ സ്ഥാപനങ്ങളുടെ പണമിടപാട് സംവിധാനങ്ങളെക്കുറിച്ച് ആഴ്ചകളോളം വിശദമായി പഠിച്ച ശേഷമാണ് തട്ടിപ്പുകാർ ആക്രമണം നടത്തുന്നത്. ഏകദേശം 10 മുതൽ 12 ദിവസം വരെ സ്ഥാപനത്തിന്റെ പണമിടപാട് നടപടിക്രമങ്ങൾ, അംഗീകൃത സിസ്റ്റം ഐഡന്റിഫയറുകൾ, സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ വീഴ്ചകൾ എന്നിവ നിരീക്ഷിക്കും. ഈ ദൗർബല്യങ്ങൾ കണ്ടെത്തുന്നതോടെ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് തട്ടിപ്പു സംഘത്തിന്റെ രീതി.
അന്വേഷണം പൂർത്തിയായ ചില കേസുകളിൽ 'സൈബർസ്‌ട്രൈക്ക്' (Cyberstrike) എന്ന ഹാക്കിങ് പ്ലാറ്റ്‌ഫോമിന്റെ സാന്നിധ്യം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ബാക്കി സംഭവങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. പണമിടപാട് സംവിധാനങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർധിക്കുന്നതിനെതിരെ ദേശീയ സൈബർ സുരക്ഷാ ഏജൻസികൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. തട്ടിപ്പുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ എൻബിഎഫ്സികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ വൻ സൈബർ ആക്രമണം: രണ്ടു മാസത്തിനിടെ 300 കോടി കവർന്നു