ചേരാനല്ലൂർ വാഹനാപകടക്കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അപകടത്തിന് കാരണമായ കാർ ഓടിച്ച പതിനേഴുകാരന്റെ പിതാവാണ് ഇദ്ദേഹം. കേസിൽ രണ്ടാം പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് ജഡ്ജി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നിർണ്ണായക തീരുമാനം. പ്രതികൾ അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ അറസ്റ്റിന്റെ ആവശ്യമെന്താണെന്നും അന്വേഷണ സംഘത്തോട് ഹൈക്കോടതി ആരാഞ്ഞു. പൊതുബോധത്തിന് കീഴടങ്ങാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതി ഒരു ജുഡീഷ്യൽ ഓഫീസറാണെന്ന കാര്യം കൂടി പരിഗണിച്ചുകൊണ്ട് അദ്ദേഹത്തിന് സംരക്ഷണം നൽകേണ്ടതുണ്ടെന്നും നിരീക്ഷിച്ചു.
പരമാവധി മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് അഡീഷണൽ ജഡ്ജിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും പൂർണ്ണമായി സഹകരിക്കാനും ജഡ്ജിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഉച്ചയ്ക്ക് 1 മണിക്ക് അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകാനാണ് ഉത്തരവ്. നേരത്തെ തന്നെ അന്വേഷണത്തോട് സഹകരിക്കുകയും നാല് മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനാവുകയും ചെയ്തിട്ടുണ്ടെന്ന് ജഡ്ജിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജിയിൽ കൂടുതൽ വാദമുഖങ്ങൾ പിന്നീട് വിശദമായി കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അപകട സമയം താൻ ഉറങ്ങിക്കിടക്കുകയായിരുന്നുവെന്നും പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ അനുവാദം നൽകിയിരുന്നില്ലെന്നും ജഡ്ജി മുൻകൂർ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടി. വാഹനം തന്റെ പേരിലായതുകൊണ്ട് മാത്രം തനിക്കെതിരെ നരഹത്യാക്കുറ്റം ചുമത്താൻ ആകില്ലെന്നും പിതാവെന്ന നിലയിലാണ് സംഭവസ്ഥലത്തും പോലീസ് സ്റ്റേഷനിലും എത്തിയതെന്നും അദ്ദേഹം വാദിച്ചു. പോലീസ് പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും ബൈക്കും പിടിച്ചെടുത്തിട്ടുണ്ടെന്നും, ഇതുവരെ നടന്നിട്ടുള്ള എല്ലാ അന്വേഷണ നടപടികളോടും സഹകരിച്ചിട്ടുള്ളതിനാൽ തന്റെ അറസ്റ്റ് അനാവശ്യമാണെന്നും അഡീഷണൽ ജഡ്ജി കോടതിയിൽ വ്യക്തമാക്കി.