Logo
Sat, Jun 13, 2026 • 02:10 AM
LIVE TV
Watch

No business videos available

No Middle East videos available

കോണ്‍ഗ്രസിന്റെ 'ട്രബിള്‍ ഷൂട്ടര്‍' ഇനി ഭരണത്തലവന്‍; കര്‍ണാടകയില്‍ ഡി.കെ. ശിവകുമാര്‍ യുഗാരംഭം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 03, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

കോണ്‍ഗ്രസിന്റെ 'ട്രബിള്‍ ഷൂട്ടര്‍' ഇനി ഭരണത്തലവന്‍; കര്‍ണാടകയില്‍ ഡി.കെ. ശിവകുമാര്‍ യുഗാരംഭം

കര്‍ണാടക രാഷ്ട്രീയത്തിലെ കരുത്തനായ നേതാവ് ഡി.കെ. ശിവകുമാര്‍  മുഖ്യമന്ത്രി പദവിയിലേക്ക് എത്തുമ്പോള്‍, അത് അദ്ദേഹത്തിന്റെ ദശാബ്ദങ്ങള്‍ നീണ്ട രാഷ്ട്രീയ പോരാട്ടങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത വിശ്വസ്തതയുടെയും വിജയമായി മാറുന്നു. കോണ്‍ഗ്രസിന്റെ 'ട്രബിള്‍ ഷൂട്ടര്‍' എന്ന് ദേശീയതലത്തില്‍ അറിയപ്പെടുന്ന ഡി.കെ.എസ്, കര്‍ണാടക രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള വൊക്കലിഗ നേതാക്കളില്‍ ഒരാളാണ്.

കര്‍ണാടക രാഷ്ട്രീയത്തില്‍ ഡി.കെ. ശിവകുമാര്‍ എന്നത് വെറുമൊരു പേരല്ല, മറിച്ച് തന്ത്രങ്ങളുടെയും സംഘാടന മികവിന്റെയും പര്യായമാണ്. കനകപുരയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്ന് മുഖ്യമന്ത്രി പദവിയിലേക്ക് അദ്ദേഹം നടത്തിയ യാത്ര ആവേശകരവും അതേസമയം വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. 1962-ല്‍ രാമനഗര ജില്ലയിലെ കനകപുരയില്‍ ജനിച്ച ശിവകുമാര്‍, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. 1989-ല്‍ തന്റെ 27-ാം വയസ്സില്‍ ജനതാദള്‍ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയ കേരളത്തെയും ഇന്ത്യയെയും ഞെട്ടിച്ചത്. അന്നുമുതല്‍ കനകപുരയിലെ 'അജയ്യന്‍' എന്ന പേര് അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ്.എം. കൃഷ്ണയുടെ ശിഷ്യനായിട്ടായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ച.

പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോഴെല്ലാം രക്ഷകനായി എത്തുക എന്നതാണ് ഡി.കെ.എസിന്റെ പ്രത്യേകത. ഇതില്‍ പ്രധാനമാണ് 2017ലെ ഗുജറാത്ത് പ്രതിസന്ധി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പാക്കാന്‍ ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലെ തന്റെ റിസോര്‍ട്ടില്‍ താമസിപ്പിച്ച് സംരക്ഷിച്ചത് ശിവകുമാറായിരുന്നു.  ഇതു കൂടാതെ  പലപ്പോഴായി മഹാരാഷ്ട്രയിലെയും തമിഴ്‌നാട്ടിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളെയും സഖ്യങ്ങളെയും നിലനിര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു. ഹൈക്കമാന്‍ഡിന്റെ ഏറ്റവും പ്രിയപ്പെട്ടവരില്‍ ഡി കെ എന്നുമുണ്ടായിരുന്നു. 

2020-ല്‍ കര്‍ണാടക പിസിസി അധ്യക്ഷനായി ചുമതലയേറ്റ ശേഷം, തകര്‍ന്നുകിടന്ന പാര്‍ട്ടിയെ അടിത്തട്ടില്‍ നിന്ന് കെട്ടിപ്പടുക്കാന്‍ അദ്ദേഹം അശ്രാന്തം പരിശ്രമിച്ചു. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയം സമ്മാനിച്ചതിന് പിന്നില്‍ ഡി.കെ.എസിന്റെ സംഘാടന മികവും തന്ത്രങ്ങളുമായിരുന്നു. സിദ്ധരാമയ്യ എന്ന ജനകീയ നേതാവിനൊപ്പം നിന്ന് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ് . 

കര്‍ണാടകയിലെ പ്രബല സമുദായമായ വൊക്കലിഗ വിഭാഗത്തിന്റെ അനിഷേധ്യ നേതാവാണ് ഡി.കെ.എസ്. ദക്ഷിണ കര്‍ണാടകയിലെ പഴയ മൈസൂര്‍ മേഖലയില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. വിദ്യാഭ്യാസ മേഖലയിലും ബിസിനസ് രംഗത്തും അദ്ദേഹം വലിയ സാമ്രാജ്യം കെട്ടിപ്പടുത്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ധനികരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ അദ്ദേഹം, തന്റെ സമ്പത്തും സ്വാധീനവും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി എപ്പോഴും ഉപയോഗിച്ചിട്ടുണ്ട്.

രാഷ്ട്രീയ വളര്‍ച്ചയ്ക്കിടയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഋഉ) സിബിഐയും നടത്തിയ അന്വേഷണങ്ങളും ജയില്‍വാസവും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. എന്നാല്‍, ഇതൊന്നും തന്നെ തളര്‍ത്തില്ലെന്ന് അദ്ദേഹം തെളിയിച്ചു.  കര്‍ണാടകയുടെ  മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോള്‍ ഡി.കെ.എസിന് മുന്നിലുള്ളത് വലിയ ഉത്തരവാദിത്തങ്ങളാണ്. കോണ്‍ഗ്രസിന്റെ അഞ്ച് ഗ്യാരന്റി പദ്ധതികള്‍ നടപ്പിലാക്കുന്നതിനൊപ്പം കര്‍ണാടകയുടെ വികസനം വേഗത്തിലാക്കുക എന്നതും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്തുകയും വേണം. 

അധികാരത്തിന്റെ ഇടനാഴികളിലെ തന്ത്രജ്ഞന്‍ എന്നതിലുപരി, താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാന്‍ കഴിയുന്ന ഒരു നേതാവു കൂടിയാണ് ഡി.കെ. ശിവകുമാര്‍. വിശ്രമമില്ലാതെ പണിയെടുക്കുന്ന ഒരു 'പൊളിറ്റിക്കല്‍ വര്‍ക്കര്‍' എന്ന നിലയില്‍ നിന്ന് കര്‍ണാടകയുടെ ഭരണത്തലവനിലേക്കുള്ള ഈ മാറ്റം ഡി.കെ.എസ് എന്ന വ്യക്തിയുടെയും കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെയും ചരിത്രത്തിലെ പുതിയൊരു അധ്യായമാണ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10