കൊച്ചി: ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെടുന്നവരെ രക്ഷിക്കാൻ ആരൊക്കെ ശുപാർശ ചെയ്താലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആരൊക്കെ ഇടപെട്ടാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് പൊലീസിനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നിയമലംഘകരെ സഹായിക്കാൻ ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന 'ജീവ-സുയാത്ര മിഷൻ' എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മിഷന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ നടൻ മമ്മൂട്ടി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
നിയമനടപടികൾ കർശനമായി നടപ്പാക്കുന്നതിന്റെ പേരിൽ ജനങ്ങൾ സർക്കാരിനെതിരെ തിരിഞ്ഞാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിയെന്ന നിലയിൽ താൻ ഏറ്റെടുക്കുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. ആറുമാസം തുടർച്ചയായി കർശന നടപടികൾ സ്വീകരിച്ചാൽ ഒരു വർഷത്തിനകം കേരളത്തിൽ മാതൃകാപരമായ ഗതാഗത സംസ്കാരം രൂപപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങൾക്കുമുമ്പ് കൊച്ചി നഗരത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ പൊലീസ് ശക്തമായ പരിശോധന നടത്തിയ അനുഭവവും മുഖ്യമന്ത്രി പ്രസംഗത്തിൽ പങ്കുവച്ചു. അന്ന് പിടിയിലാകുന്നവരെ രക്ഷിക്കാൻ പൊലീസിന് നിരന്തരം ഫോൺ കോളുകൾ വരുമായിരുന്നു. എന്നാൽ പരിശോധനയും നടപടികളും കർശനമാക്കിയതോടെ മദ്യപിച്ചശേഷം വാഹനം ഓടിക്കുന്നവർക്ക് പകരം ഭാര്യമാരെക്കൊണ്ട് വാഹനം ഓടിപ്പിച്ച് വീട്ടിലേക്ക് മടങ്ങുന്ന സാഹചര്യം ഉണ്ടായെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പിന്നീട് പരിശോധനകൾ കുറഞ്ഞതോടെ ആളുകൾ വീണ്ടും പഴയ രീതിയിലേക്ക് മടങ്ങിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഗതാഗത നിയമലംഘകരെ രക്ഷിക്കാൻ ആര് ശുപാർശ ചെയ്താലും വിട്ടുവീഴ്ച പാടില്ല; കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ