കൊച്ചി: ചേരാനല്ലൂരില്‍ 56-കാരനായ തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ ജീവനെടുത്ത വാഹനാപകടക്കേസില്‍, വാഹനം ഓടിച്ച 17-കാരന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ഭദ്രകീര്ത്തി ഹൈക്കോടതിയെ സമീപിച്ചു. കേവലം അശ്രദ്ധയല്ല പ്രതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും, മനുഷ്യജീവന് വിലകല്പിക്കാത്ത കടുത്ത മനോഭാവമാണ് അപകടത്തിലേക്ക് നയിച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള ജുഡീഷ്യല്‍ ഓഫീസറാണെന്നും, അതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഭദ്രകീര്ത്തി ഹര്‍ജിയില്‍ ആരോപിച്ചു. ഒക്ടോബര്‍ 25-നാണ് അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന് ഓടിച്ച ബെന്‍സ് കാറിടിച്ച് ജയബാലകൃഷ്ണന്‍ കൊല്ലപ്പെടുന്നത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷനും കുടുംബവും സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജികള്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. കോടതി ഉത്തരവില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് കുടുംബം ഇപ്പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ചേരാനല്ലൂര്‍ ബെന്‍സ് അപകടം: 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ