ബെംഗളൂരു: ബെംഗളൂരുവിലെ ലോഡ്ജില്‍ മലയാളി യുവതി കുത്തേറ്റു മരിച്ച സംഭവത്തില്‍ കൊലപാതകത്തിലേക്ക് നയിച്ചത് ആണ്‍സുഹൃത്തിന്റെ സംശയമാണെന്ന് പൊലീസ്. പത്തനംതിട്ട അടൂര്‍ സ്വദേശിനി ഗംഗയാണ് (22) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലം സ്വദേശിയായ ആണ്‍സുഹൃത്ത് ഗോകുല്‍ കൃഷ്ണയെ (23) പൊലീസ് അറസ്റ്റ് ചെയ്തു.
ഗംഗ തന്നെ ഒഴിവാക്കുകയാണോ എന്ന് ഗോകുല്‍ കൃഷ്ണ സംശയിച്ചിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. വിളിക്കുമ്പോള്‍ പലപ്പോഴും ഗംഗയുടെ ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നത് ഇയാളുടെ സംശയം വര്‍ദ്ധിപ്പിച്ചു. വ്യാഴാഴ്ച ഇരുവരും ഒരുമിച്ചുള്ളപ്പോഴും ഗംഗയുടെ ഫോണിലേക്ക് കോള്‍ വന്നിരുന്നു. ഇതിനെച്ചൊല്ലി രാത്രി ഇരുവരും തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായി. പിറ്റേന്ന് രാവിലെയും തര്‍ക്കം തുടര്‍ന്നതോടെ പ്രകോപിതനായ ഗോകുല്‍ കൃഷ്ണ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് ഗംഗയുടെ വയറ്റില്‍ കുത്തുകയായിരുന്നു.
കോട്ടണ്‍പേട്ട് ഒ.ടി.സി റോഡില്‍ തവക്കല്‍ മസ്താന്‍ ദര്‍ഗയ്ക്ക് സമീപമുള്ള റീജന്‍സി ഇന്‍ ലോഡ്ജിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്ന ഗംഗയെ ഉടന്‍ തന്നെ വിക്ടോറിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃത്യത്തിന് ശേഷം കത്തിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഗോകുല്‍ കൃഷ്ണയെ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി ജോലി അന്വേഷിച്ചുവരികയായിരുന്നു ഗംഗ. ബെംഗളൂരു നെലമംഗലയിലെ ഹര്‍ഷ നഴ്‌സിംഗ് കോളേജിലെ പഠനത്തിനിടയിലാണ് സീനിയറായിരുന്ന ഗോകുല്‍ കൃഷ്ണയുമായി ഗംഗ അടുപ്പത്തിലാകുന്നത്. നഴ്‌സിംഗ് പ്രവേശനത്തിനും പഠനം കഴിഞ്ഞവര്‍ക്ക് ജോലി ലഭ്യമാക്കുന്നതിനും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നയാളാണ് ഗോകുല്‍.
കഴിഞ്ഞ ദിവസം ലോഡ്ജിന് സമീപം റോഡരികില്‍ വെച്ചും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായി പരിസരവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആസൂത്രിതമായ കൊലപാതകമാണോ എന്ന് അറിയാന്‍, ലോഡ്ജിലേക്ക് വരുമ്പോള്‍ തന്നെ ഗോകുല്‍ കത്തി കൈവശം കരുതിയിരുന്നോ എന്ന കാര്യം പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: പിന്നില്‍ ആണ്‍സുഹൃത്തിന്റെ സംശയമെന്ന് പൊലീസ്