ബെംഗളൂരു: ഭാര്യ കുടുംബവുമായി ബന്ധം തുടരുന്നതിലുള്ള വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് ഭാര്യയെയും ഏഴുവയസ്സുകാരനെയും ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരെ ബെംഗളൂരുവില്‍ കാബ് ഡ്രൈവര്‍ അടിച്ചുകൊലപ്പെടുത്തി. നന്ദി ഹില്‍സിന് സമീപത്ത് നിന്ന് ഏഴുവയസ്സുകാരനായ കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. കേസില്‍ പ്രതിയായ ഇന്ദുശേഖര്‍ എന്ന കാബ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യ സുനിത, അമ്മായിയമ്മ രൂപവതി, ഭാര്യാസഹോദരന്മാരായ ശിവകുമാര്‍, ശങ്കര്‍, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ശങ്കറിന്റെ ഏഴുവയസ്സുള്ള മകന്‍ പുനീത് എന്നിവരെയാണ് ഇന്ദുശേഖര്‍ കൊലപ്പെടുത്തിയത്. ആദ്യ ഘട്ടത്തില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം, പാര്‍ട്ടി നടത്താമെന്ന് പറഞ്ഞ് അളിയന്മാരെയും അവരുടെ കുടുംബത്തെയും സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊല നടത്തിയത്. വീട്ടിലെ ആട്ടുകല്ല് ഉപയോഗിച്ചാണ് പ്രതി എല്ലാവരെയും തലയ്ക്കടിച്ചുകൊന്നതെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് മൃതദേഹങ്ങള്‍ കാറില്‍ കയറ്റി വെവ്വേറെ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി രാസവസ്തുക്കള്‍ ഉപയോഗിച്ച് രക്തക്കറകള്‍ കഴുകിക്കളഞ്ഞതായും പൊലീസ് സംശയിക്കുന്നു.
ശ്രീരാംപുര പൊലീസ് സ്റ്റേഷനില്‍ ലഭിച്ച കാണാതായെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ചോദ്യം ചെയ്യലില്‍ ഇന്ദുശേഖര്‍ പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കിയതോടെ പൊലീസ് വിശദമായ പരിശോധന നടത്തുകയും കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുകയുമായിരുന്നു. മറ്റ് 6 പേരുടെ മൃതദേഹങ്ങള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.
ബംഗളൂരുവില്‍ കൊലപാതക പരമ്പര; ഭാര്യയെയും വീട്ടുകാരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി; കാബ് ഡ്രൈവര്‍ പിടിയിൽ