അഹമ്മദാബാദ്: ഉത്പാദന ചെലവ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പ്രമുഖ പാൽ ഉത്പന്ന ബ്രാൻഡായ അമൂൽ നെയ്യുടെയും വെണ്ണയുടെയും വില വർധിപ്പിച്ചു. ഒരു ലിറ്റർ നെയ്യിന് 50 രൂപയും 500 ഗ്രാം ബട്ടറിന്റെ പാക്കറ്റിന് 15 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്കുകൾ വിപണിയിൽ നിലവിൽ വന്നു.
36 ലക്ഷം ക്ഷീരകർഷകരുടെ ഉടമസ്ഥതയിലുള്ള സഹകരണ പ്രസ്ഥാനമെന്ന നിലയിൽ, ഉത്പാദനച്ചെലവിലുണ്ടായ വലിയ വർധനവ് മൂലമാണ് വില വർധിപ്പിക്കാൻ കമ്പനി നിർബന്ധിതരായതെന്ന് അമൂൽ അധികൃതർ വ്യക്തമാക്കി.
വില വർധനവോടെ 500 ഗ്രാം വെണ്ണയുടെ വില 310 രൂപയിൽ നിന്ന് 325 രൂപയായി ഉയർന്നു. അമൂൽ നെയ്യ് ലിറ്ററിന് 630 രൂപയായിരുന്നത് 680 രൂപയായും, പശുവിൻ നെയ്യ് ലിറ്ററിന് 695 രൂപയിൽ നിന്ന് 735 രൂപയായും വർധിച്ചിട്ടുണ്ട്.
നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ