ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ് സർക്കാരിനെ താഴെയിറക്കാൻ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും ഉദയനിധി സ്റ്റാലിനും ചേർന്ന് ടിവികെ (തമിഴക വെട്രി കഴകം) എംഎൽഎമാർക്ക് കോടികൾ വാഗ്ദാനം ചെയ്യുന്നതായി തമിഴ്‌നാട് വൈദ്യുതി മന്ത്രി നിർമൽ കുമാർ. ഒരോ എംഎൽഎമാർക്കും 60 മുതൽ 70 കോടി രൂപ വരെയാണ് ഓഫർ ചെയ്തതെന്നും എന്നാൽ ടിവികെയിലെ ഒരു ജനപ്രതിനിധി പോലും പണം സ്വീകരിച്ച് പാർട്ടി മാറില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതുമുതൽ എംഎൽഎമാരെ ബന്ധപ്പെടാനും പണം നൽകി വാങ്ങാനും ഡിഎംകെ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഭാവിയിൽ എടപ്പാടി കെ. പളനിസാമിയെ മുഖ്യമന്ത്രിയാക്കി പുതിയ സർക്കാർ രൂപീകരിക്കാനാണ് ഡിഎംകെയും എഐഎഡിഎംകെയും ബിജെപിയും ചേർന്ന് നീക്കം നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു. ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയോടെ ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് പൊതുസ്ഥാനാർത്ഥിയെ നിർത്താൻ പദ്ധതിയിട്ടിരുന്നതായും സമാനമായ രാഷ്ട്രീയ നീക്കങ്ങൾ മുന്നോട്ടും പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ ആരോപണങ്ങൾ ഡിഎംകെ, എഐഎഡിഎംകെ, ബിജെപി കക്ഷികൾ പൂർണ്ണമായി നിഷേധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എഐഎഡിഎംകെയുടെ ആറ് എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്നത് ചൂണ്ടിക്കാട്ടി ഭരണകക്ഷി കുതിരക്കച്ചവടത്തിലൂടെയാണ് നിലനിൽക്കുന്നതെന്ന് ഡിഎംകെ തിരിച്ചടിച്ചു.
അതേസമയം, വിജയ് സർക്കാരിനെ താഴെയിറക്കാൻ കുതിരക്കച്ചവടത്തിന് ശ്രമിച്ച എട്ടു പേരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. സ്പീക്കർക്കെതിരെയുള്ള പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ 35 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ടിവികെ എംഎൽഎ എൻ. ഇളയരാജ നൽകിയ പരാതിയിലാണ് പോലീസ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് മുൻ ഡിഎംകെ മന്ത്രി വി. സെന്തിൽ ബാലാജിയുടെ സഹോദരനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
തമിഴ്‌നാട്ടിൽ കുതിരക്കച്ചവട ആരോപണം; വിജയ് സർക്കാരിനെ താഴെയിറക്കാൻ ഡിഎംകെ കോടികൾ വാഗ്ദാനം ചെയ്തതായി ടിവികെ