നാടിനെയും കാടിനെയും ഒരുപോലെ വിറപ്പിച്ച അരിക്കൊമ്പൻ എന്ന കാട്ടാനയുടെ ജീവിതകഥയും കാടിനെ അറിഞ്ഞു ജീവിക്കുന്ന മനുഷ്യരുടെ അതിജീവന പോരാട്ടവും ആസ്പദമാക്കി ഒരുങ്ങുന്ന 'അരിക്കൊമ്പൻ' സിനിമയുടെ ടീസർ പുറത്തിറങ്ങി. നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യഥാർത്ഥ സംഭവങ്ങളുടെ തീവ്രത ഒട്ടും ചോരാതെ, വൈകാരികതയ്ക്കും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മലയാളത്തിലെ ഹിറ്റ് ചിത്രം 'ട്രാഫിക്കിന്റെ' തമിഴ് റീമേക്കിലൂടെ ശ്രദ്ധേയനായ മിഥുൻ മഹേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നതും നായകനായി വേഷമിടുന്നതും. 'എങ്കെയും എപ്പോതും', 'യുദ്ധസത്തം' തുടങ്ങി നിരവധി ജനപ്രിയ തമിഴ് സിനിമകളിലൂടെ സുപരിചിതനാണ് അദ്ദേഹം. 'സുമേഷ് & രമേഷ്' എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക കൃഷ്ണനാണ് ഈ ചിത്രത്തിലൂടെ തമിഴിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 'ട്രാഫിക്' (ഹിന്ദി), 'മിലി', 'വേട്ട' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ ക്യാമറാമാൻ അനീഷ്ലാൽ ആർ.എസ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
തമിഴ്‌നാട്ടിലെ പച്ചൈമല, കൊല്ലിമല എന്നീ മനോഹര മലയോര മേഖലകളുടെ സ്വാഭാവിക ഭംഗിയിലാണ് ചിത്രം പൂർണ്ണമായും പകർത്തിയിരിക്കുന്നത്. നാടിനെയും കാടിനെയും ബന്ധിപ്പിക്കുന്ന തീവ്രമായ കഥ പറയുന്ന 'അരിക്കൊമ്പൻ' ഡിസംബർ 11-ന് കേരളത്തിലും തമിഴ്‌നാട്ടിലും ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പി.ആർ.ഓ: അജയ് തുണ്ടത്തിൽ.
അരിക്കൊമ്പന്റെ ജീവിതകഥ ഇനി വെള്ളിത്തിരയിൽ; ആവേശം നിറച്ച് ടീസർ പുറത്ത്