വാഷിങ്ടൺ: അമേരിക്കൻ ജനവിധി കുറിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ (Midterm Elections) തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ വംശജർ. ഗവർണർ പദവി മുതൽ യു.എസ് കോൺഗ്രസ്, സംസ്ഥാന നിയമസഭകൾ, പ്രാദേശിക ഭരണസമിതികൾ എന്നിവയിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് ടിക്കറ്റുകളിലും സ്വതന്ത്രരായും നിരവധി പേരാണ് മത്സരിക്കുന്നത്.
ഏറ്റവും ശ്രദ്ധേയമായ പോരാട്ടം ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിലാണ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുന്ന വിവേക് രാമസ്വാമി ഡെമോക്രാറ്റിക് സ്ഥാനാർഥി ആമി ആക്ടനെതിരെയാണ് കളത്തിലിറങ്ങുന്നത്. വിജയിച്ചാൽ ബോബി ജിൻഡാളിനും നിക്കി ഹേലിക്കും ശേഷം യു.എസിൽ ഗവർണറാകുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജനാകും രാമസ്വാമി.
ജനപ്രതിനിധി സഭയിലേക്ക് ഡെമോക്രാറ്റിക് അംഗങ്ങളായ റോ ഖന്ന, അമി ബെറ, പ്രമീള ജയപാൽ, സുഹാസ് സുബ്രഹ്മണ്യം തുടങ്ങിയവരും മേരിലാൻഡ് ലെഫ്റ്റനന്റ് ഗവർണർ അരുണ മില്ലറും വീണ്ടും ജനവിധി തേടുന്നു. കാലിഫോർണിയയിൽ റോ ഖന്നയ്‌ക്കെതിരെ റിതേഷ് ടാണ്ഡനും, വാഷിങ്ടണിൽ പ്രമീള ജയപാലിനെതിരെ നീരവ് ഷെത്തും മത്സരിക്കുന്നുണ്ട്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും സംസ്ഥാന-പ്രാദേശിക തലങ്ങളിലേക്ക് മത്സരം നടത്തുന്നുണ്ട്.
യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: മത്സരരംഗത്ത് ഇന്ത്യൻ വംശജരുടെ വൻ പ്രാതിനിധ്യം