പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഷാമോണ്ട (Shamonda) വൈറസ് ലോകത്താദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. ഫ്രാൻസിലെ ലിയോണിലുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗബാധിതൻ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. വൈറസ് ബാധയുള്ള മൃഗങ്ങളുള്ള പ്രദേശത്തായിരുന്നു മരിച്ച വ്യക്തി താമസിച്ചിരുന്നത്. ഇയാളുടെ രോഗപ്രതിരോധശേഷി വളരെ കുറഞ്ഞ നിലയിലായിരുന്നുവെന്നും നിലവിലെ കേസ് ഒറ്റപ്പെട്ടതാണെന്നും കൂടുതൽ വ്യാപിക്കാൻ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഫ്രാൻസിന്റെ കിഴക്കുഭാഗത്ത് മൃഗങ്ങൾക്കിടയിൽ വൈറസ് പടർന്നുപിടിച്ചിരുന്നു. അവിടെയുണ്ടായിരുന്ന രോഗബാധയേറ്റ ഈച്ചയുടെ കടിയിലൂടെയാകാം രോഗിക്ക് അണുബാധയുണ്ടായതെന്ന് ഫ്രഞ്ച് അധികൃതർ സംശയിക്കുന്നു. എങ്കിലും രോഗിക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചത് എന്നത് ഇതുവരെ പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കാനും പൊതുജനാരോഗ്യത്തിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്താനുമായി അന്വേഷണം നടന്നു വരികയാണ്.
എന്താണ് ഷാമോണ്ട വൈറസ്?
കന്നുകാലികൾ, ആടുകൾ, കുതിരകൾ തുടങ്ങിയ മൃഗങ്ങളെ ബാധിക്കുന്ന ഒരു വൈറസാണിത്. 'കുലിക്കോയിഡ്സ്' (Culicoides) എന്ന ഒരിനം ഈച്ചകളുടെ കടിയിലൂടെയാണ് ഇത് പടരുന്നത് എന്നാണ് കരുതപ്പെടുന്നത്. രോഗബാധിതരായ മൃഗങ്ങളിൽ വയറിളക്കം, വിശപ്പില്ലായ്മ, പാലുത്പാദനത്തിൽ വൻ കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മുൻപ് സ്വിറ്റ്സർലൻഡിലും ജർമനിയിലും നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളോടെ ചത്ത കുതിരകളുടെ മസ്തിഷ്കത്തിൽ ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മനുഷ്യരിൽ ഇത് എന്തെല്ലാം രോഗലക്ഷണങ്ങളാണ് ഉണ്ടാക്കുക എന്നതിൽ നിലവിൽ വ്യക്തതയില്ല.
മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് ഷാമോണ്ട വൈറസ്; ഫ്രാൻസിൽ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന