തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി സംബന്ധിച്ച് യാതൊരു പ്രശ്‌നവുമില്ലെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍. സര്‍ക്കാര്‍ കൂട്ടായി ചര്‍ച്ച ചെയ്താണ് മുന്നോട്ടുപോകുന്നത്. ഒരു പ്രതിസന്ധി ഉണ്ടായാല്‍ അത് പരിഹരിക്കാന്‍ പല വഴികളും അന്വേഷിക്കുമെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. യു.ഡി.എഫ് യോഗം കണ്‍വീനര്‍ വിളിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സി. പ്രസിഡന്റിനെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും, ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കുമ്പോള്‍ മാത്രമേ എല്ലാവരും അറിയുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. പുതിയ പ്രസിഡന്റിനെ നിയമിക്കുമ്പോള്‍ എല്ലാ നേതാക്കളുടെയും അഭിപ്രായങ്ങള്‍ തേടും. എപ്പോള്‍ നിയമിക്കണം എന്നത് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടതെന്നും, എല്ലാ നേതാക്കള്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍.പി.എസ്.ടി. സമരവുമായി ബന്ധപ്പെട്ട് സമരം നടത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കേണ്ടത് അനിവാര്യമായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. 17 ദിവസം നീണ്ടുനിന്ന നിരാഹാര സമരമായിരുന്നു അത്. എന്നാല്‍ സമരപ്പന്തല്‍ പൊളിച്ചത് എന്തിനാണെന്ന് പൊലീസാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറു മാസം പൂര്‍ത്തിയാകുന്നതേയുള്ളൂ. തൊഴില്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് രണ്ട് തവണ കാബിനറ്റില്‍ വിഷയം ചര്‍ച്ച ചെയ്തതാണ്. നിലവിലുള്ള ഒഴിവുകള്‍ എത്രയും പെട്ടെന്ന് നികത്താന്‍ വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും, സര്‍ക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി എ.പി. അനില്‍കുമാര്‍ വ്യക്തമാക്കി.
വൈദ്യുതി പ്രതിസന്ധിയില്‍ ആശങ്ക വേണ്ട; കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാനാണ് സര്‍ക്കാര്‍ ശ്രമം: മന്ത്രി എ.പി. അനിൽകുമാർ