Trending
Browse

All sections

Watch

No business videos available

No Middle East videos available

Travel

World Oceans Day| ലോക സമുദ്ര ദിനം: നമ്മുടെ സമുദ്രങ്ങള്‍, നമ്മുടെ ഭാവി

World Oceans Day| ലോക സമുദ്ര ദിനം: നമ്മുടെ സമുദ്രങ്ങള്‍, നമ്മുടെ ഭാവി
ജൂണ്‍ 8 ലോക സമുദ്ര ദിനമായി ആചരിക്കുന്നത് സമുദ്രങ്ങളുടെ അതിരില്ലാത്ത പ്രാധാന്യം ഓര്‍മ്മിപ്പിക്കാനും അവയെ സംരക്ഷിക്കാനുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്തം ഊന്നിപ്പറയാനുമുള്ള ഒരു ആഗോള ആഹ്വാനമായാണ് ്. മനുഷ്യന്റെ നിലനില്‍പ്പും സമുദ്രങ്ങളുടെ ആരോഗ്യവും തമ്മിലുള്ള അഭേദ്യമായ ബന്ധം ഈ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും വ്യക്തമാക്കുന്നു. 1992-ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന എര്‍ത്ത് സമ്മിറ്റിലാണ് (United Nations Conference on Environment and Development - UNCED) ലോക സമുദ്ര ദിനം എന്ന ആശയം ആദ്യമായി ഉയര്‍ന്നുവന്നത്. കാനഡ സര്‍ക്കാരാണ് ഈ ആശയം പ്രധാനമായും മുന്നോട്ട് വെച്ചത്. സമുദ്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് അന്താരാഷ്ട്ര പരിസ്ഥിതി വേദികളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക എന്നതായിരുന്നു ഇതിന്റെ പ്രാഥമിക ലക്ഷ്യം. തുടക്കത്തില്‍ അംഗീകാരം ലഭിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമം വേണ്ടിവന്നു. 'ദി ഓഷ്യന്‍ പ്രോജക്ടും' 'വേള്‍ഡ് ഓഷ്യന്‍ നെറ്റ്വര്‍ക്കും' ഈ ആശയത്തിന് ഔദ്യോഗിക അംഗീകാരം നേടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ലോകമെമ്പാടുമുള്ള നൂറുകണക്കിന് സംഘടനകളുടെയും പതിനായിരക്കണക്കിന് വ്യക്തികളുടെയും പിന്തുണയോടെ അവര്‍ ഈ ആശയം പ്രചരിപ്പിച്ചു. ഒടുവില്‍, 2008 ഡിസംബറില്‍, യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലി പ്രമേയം 63/111 വഴി ജൂണ്‍ 8 ലോക സമുദ്ര ദിനമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. 2009-ല്‍ 'നമ്മുടെ സമുദ്രങ്ങള്‍, നമ്മുടെ ഉത്തരവാദിത്തം' എന്ന പ്രമേയത്തോടെയാണ് ആദ്യത്തെ ഔദ്യോഗിക യുഎന്‍ ലോക സമുദ്ര ദിനം ആചരിച്ചത്. അതിനുശേഷം, ഇത് ലോകമെമ്പാടും വലിയ പ്രാധാന്യത്തോടെ ആചരിക്കുന്ന ഒരു ദിനമായി മാറി. ഓരോ വര്‍ഷവും സമുദ്ര സംരക്ഷണത്തിന്റെ വ്യത്യസ്ത വശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു പുതിയ പ്രമേയം സ്വീകരിക്കുന്നു. 2025-ലെ ലോക സമുദ്ര ദിനത്തിന്റെ പ്രമേയം 'അതിശയം: നമ്മെ നിലനിര്‍ത്തുന്നതിനെ നിലനിര്‍ത്തുക' (Wonder: Sustaining What Sustains us) എന്നതാണ്. സമുദ്രത്തിന്റെ വിസ്മയിപ്പിക്കുന്ന സ്വഭാവത്തെയും അതിനെ സംരക്ഷിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തത്തെയും ഈ പ്രമേയം ഉയര്‍ത്തിക്കാട്ടുന്നു. ഭൂമിയിലെ ജീവനെ നിലനിര്‍ത്തുന്നതില്‍ സമുദ്രത്തിനുള്ള നിര്‍ണായക പങ്കും സുസ്ഥിരമായ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയും ഇത് ഊന്നിപ്പറയുന്നു. സമുദ്രങ്ങളുടെ പ്രാധാന്യം: എന്തിന് സംരക്ഷിക്കണം? ലോക സമുദ്ര ദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. നമ്മുടെ ഗ്രഹത്തിന്റെ 70% ലധികം ഭാഗവും സമുദ്രങ്ങളാണ്. നമ്മള്‍ ശ്വസിക്കുന്ന വായുവിന്റെ 70% ലധികവും ഉല്‍പ്പാദിപ്പിക്കുന്നത് കടലിലെ പ്ലവങ്ങളാണ്. കാലാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ സമുദ്രങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. അനേകം ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് സമുദ്രം. ഈ ദിനം പ്ലാസ്റ്റിക് മലിനീകരണം, അമിത മത്സ്യബന്ധനം, ആവാസവ്യവസ്ഥയുടെ നാശം, സമുദ്രത്തിലെ ചൂട് വര്‍ദ്ധിക്കല്‍, സമുദ്രത്തിലെ അമ്ലീകരണം തുടങ്ങിയ ഭീഷണികളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. സമുദ്ര സംരക്ഷണത്തിനായി വ്യക്തികളെയും സമൂഹങ്ങളെയും സര്‍ക്കാരുകളെയും സംഘടനകളെയും ഒരുമിപ്പിക്കാന്‍ ഈ ദിനം സഹായിക്കുന്നു. കടല്‍ത്തീരം വൃത്തിയാക്കല്‍, വിദ്യാഭ്യാസ പരിപാടികള്‍, സുസ്ഥിരമായ മത്സ്യബന്ധന രീതികള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് പ്രചോദനം നല്‍കുന്നു. സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തെയും പരിപാലനത്തെയും ലോക സമുദ്ര ദിനം പിന്തുണയ്ക്കുന്നു. സമുദ്രങ്ങള്‍ ഒരു ആഗോള വിഭവമാണ്. അതിനാല്‍ അവയുടെ സംരക്ഷണത്തിന് അതിര്‍ത്തികള്‍ക്കപ്പുറമുള്ള സഹകരണം ആവശ്യമാണ്. സമുദ്രങ്ങളുടെ സുസ്ഥിര വികസനം ഉറപ്പാക്കാന്‍ അന്താരാഷ്ട്ര നിയമങ്ങളും സഹകരണവും ഈ ദിനം ഊന്നിപ്പറയുന്നു. യുവതലമുറയെ സമുദ്ര സംരക്ഷണത്തില്‍ സജീവമായി ഉള്‍പ്പെടുത്തുന്നതിനും ലോക സമുദ്ര ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നമ്മുടെ ഭാവി സമുദ്രങ്ങളുടെ ആരോഗ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ശക്തമായ വാര്‍ഷിക ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം. സമുദ്രങ്ങളുടെ സൗന്ദര്യത്തെയും സമ്പത്തിനെയും ആഘോഷിക്കാനും അവ നേരിടുന്ന ഭീഷണികളെ തിരിച്ചറിയാനും, വരും തലമുറകള്‍ക്കായി ആരോഗ്യകരമായ സമുദ്രം ഉറപ്പാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ തുടരാനും ഇത് നമ്മെ പ്രേരിപ്പിക്കുന്നു. 'നമ്മെ നിലനിര്‍ത്തുന്നതിനെ നാം നിലനിര്‍ത്തുക' എന്ന പ്രമേയവുമായി ഈ വര്‍ഷം ലോക സമുദ്ര ദിനം ആചരിക്കുമ്പോള്‍, കൊച്ചിയിലെ കപ്പല്‍ച്ചേതത്തിന്റെ പശ്ചാത്തലത്തില്‍ കേരള-തമിഴ്നാട് തീരപ്രദേശങ്ങള്‍ അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണ്. ഇന്ത്യയുടെ സമുദ്ര പരിസ്ഥിതിക്ക് ഇതൊരു പുതിയ വെല്ലുവിളിയാണ്. കപ്പല്‍ച്ചേതം മൂലം ഇത്രയധികം പ്ലാസ്റ്റിക് തരികള്‍ തീരത്തടിയുന്നത് ഇന്ത്യയിലെ ആദ്യത്തെ പ്രധാന സംഭവമാണ്. ഈ പ്ലാസ്റ്റിക് തരികള്‍, അഥവാ നര്‍ഡില്‍സ്, മറ്റ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ചെറിയ തരികളാണ്. ഇവയ്ക്ക് നേരിട്ട് വിഷാംശം ഇല്ലെങ്കിലും, അവയുടെ ചെറിയ വലുപ്പം, വെള്ളത്തില്‍ പൊങ്ങിക്കിടക്കാനുള്ള കഴിവ്, മത്സ്യമുട്ടകളോടുള്ള സാമ്യം എന്നിവ കാരണം സമുദ്രത്തില്‍ അപകടകരമായ മലിനീകരണത്തിന് കാരണമാകുന്നു. ഇവ വിഷവസ്തുക്കളെ ആഗിരണം ചെയ്യുകയും സമുദ്രജീവികള്‍ക്ക് ദോഷകരമായി മാറുകയും ചെയ്യും. സമുദ്രങ്ങള്‍ നേരിടുന്ന പ്രധാന ഭീഷണികളില്‍ ഏറ്റവും പ്രധാനം പ്ലാസ്റ്റിക് മലിനീകരണമാണ്. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രത്തില്‍ എത്തുന്നു. ഇത് സമുദ്രജീവികള്‍ക്ക് വലിയ ഭീഷണിയാണ്. ഈ പ്ലാസ്റ്റിക് തരികള്‍ മത്സ്യങ്ങളിലൂടെയും മറ്റ് സമുദ്രവിഭവങ്ങളിലൂടെയും നമ്മുടെ ഉള്ളിലേക്ക് എത്തുകയും കാന്‍സര്‍ അടക്കമുള്ള ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാം. നമ്മുടെ അമിതമായ ഹോര്‍മോണുകളുടെ ഉപയോഗവും കക്കൂസ് മാലിന്യങ്ങള്‍ വഴി ജലാശയങ്ങളിലൂടെ കടലിലേക്ക് എത്തിച്ചേരുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു. പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, കടലിലുള്ള പല ജീവജാലങ്ങളിലും കണ്ടുവരുന്ന ജനിതക മാറ്റങ്ങള്‍ക്ക് ഈ ഹോര്‍മോണുകളുടെ അമിത ഉപയോഗം ഒരു കാരണമായേക്കാം എന്നാണ്. അമിത മത്സ്യബന്ധനം, മത്സ്യസമ്പത്ത് ക്രമാതീതമായി കുറയുന്നതിന് ഇത് കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനം, സമുദ്രത്തിലെ താപനില വര്‍ദ്ധിക്കുകയും സമുദ്രജലത്തിന്റെ അമ്ലത കൂടുകയും ചെയ്യുന്നത് പവിഴപ്പുറ്റുകള്‍ക്കും മറ്റ് സമുദ്രജീവികള്‍ക്കും ദോഷകരമായി ബാധിക്കുന്നു. തീരദേശ വികസനവും മലിനീകരണവും കണ്ടല്‍ക്കാടുകള്‍, പവിഴപ്പുറ്റുകള്‍ തുടങ്ങിയ പ്രധാന ആവാസ വ്യവസ്ഥകളെ നശിപ്പിക്കുന്നു. കേരള തീരത്ത് വര്‍ക്കല മുതല്‍ തമിഴ്നാട് കന്യാകുമാരി വരെയുള്ള പ്രദേശങ്ങളില്‍ കൊച്ചിയിലെ കപ്പല്‍ച്ചേതം മൂലം പ്ലാസ്റ്റിക് തരികള്‍ അടിഞ്ഞുകൂടിയത് ദൂരവ്യാപകമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കടലിനും തീരത്തിനും ഉണ്ടാക്കും. ഇത്തരം ചോര്‍ച്ചകള്‍ തടയാന്‍ ശക്തമായ അന്താരാഷ്ട്ര നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ഇത്തരം സംഭവങ്ങള്‍ ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. ഹോങ്കോംഗ്, ദക്ഷിണാഫ്രിക്ക, നോര്‍വേ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെല്ലാം സമാനമായ ചോര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2021-ല്‍ ശ്രീലങ്കന്‍ തീരത്തുണ്ടായ എംവി എക്‌സ്-പ്രസ് പേള്‍ കപ്പല്‍ അപകടം ഏകദേശം 1,680 ടണ്‍ പ്ലാസ്റ്റിക് തരികള്‍ കടലിലെത്തിച്ചു. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകരണ ദുരന്തമായിരുന്നു. ഡോള്‍ഫിനുകള്‍, ആമകള്‍, മത്സ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സമുദ്രജീവികള്‍ക്ക് ഇത് വലിയ നാശനഷ്ടങ്ങളുണ്ടാക്കി. മത്സ്യബന്ധനത്തെയും ടൂറിസത്തെയും ആശ്രയിച്ച് ജീവിക്കുന്ന തീരദേശ സമൂഹങ്ങളെ ഇത് സാരമായി ബാധിച്ചു. സമുദ്രങ്ങള്‍ വഴി വന്‍തോതിലുള്ള ചരക്ക് ഗതാഗതം സമുദ്രജീവിതത്തെ പലതരത്തിലും ദോഷകരമായി ബാധിക്കുന്നുണ്ട്. പ്ലാസ്റ്റിക് തരികള്‍ സാധാരണയായി കണ്ടെയ്‌നര്‍ കപ്പലുകളിലാണ് കൊണ്ടുപോകുന്നത്. എന്നാല്‍ ഈ തരികള്‍ പലപ്പോഴും ശരിയായി പായ്ക്ക് ചെയ്യാത്തതുകൊണ്ടോ സുരക്ഷിതമല്ലാത്തതുകൊണ്ടോ ചോര്‍ന്നുപോകാറുണ്ട്. ഷിപ്പിംഗ് അപകടങ്ങള്‍ വഴിയോ കണ്ടെയ്‌നറുകള്‍ കടലില്‍ വീഴുന്നത് വഴിയോ വലിയ അളവില്‍ നര്‍ഡില്‍സ് നേരിട്ട് സമുദ്രത്തില്‍ എത്തുന്നു. വേള്‍ഡ് ഷിപ്പിംഗ് കൗണ്‍സിലിന്റെ കണക്കനുസരിച്ച്, ഓരോ വര്‍ഷവും ശരാശരി 1,382 ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ കടലില്‍ നഷ്ടപ്പെടുന്നു. ഇത് വലിയ തോതിലുള്ള പ്ലാസ്റ്റിക് മലിനീകരണത്തിന് കാരണമാകുന്നു. കടലിലെത്തുന്ന പ്ലാസ്റ്റിക് തരികള്‍ സമുദ്രജീവികള്‍ക്ക് വലിയ ഭീഷണിയാണ്. അവ ജീവികളുടെ ഉള്ളിലേക്ക് കടന്നു കൂടുകയും ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രശ്‌നങ്ങള്‍ ലോകമെമ്പാടുമുള്ള സമുദ്ര ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. നമ്മുടെ സമുദ്രം നമ്മുടെ ഭാവി നിര്‍ണ്ണയിക്കുന്നു. സമുദ്രമില്ലാതെ നമുക്ക് നിലനില്‍പ്പില്ല. ഈ ലോക സമുദ്ര ദിനത്തില്‍, നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവയുടെ ആരോഗ്യം ഉറപ്പാക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം. (ബിജു കാരക്കോണം, പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫര്‍, പരിസ്ഥിതി ലേഖകന്‍)

Related articles

See all
Popular News

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള റെയിൽപാത; വൻ പദ്ധതിയുമായി മോസ്കോ, വഴിയിൽ പാകിസ്ഥ...

Latest News

യുകെ വിസ നിയമങ്ങളില്‍ സമഗ്രമാറ്റങ്ങള്‍: വീസാ കാലാവധിയില്‍ മാറ്റം; മലയാളികളുടെ സ്വപ്നങ്ങള്‍...

Popular News

വിമാനയാത്ര വീണ്ടും ചെലവേറിയേക്കാം: ഇന്ധനവില ലിറ്ററിന് 16 രൂപ കൂട്ടി; വാണിജ്യ എൽപിജിക്കും വ...

Popular News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; പതാക ഖത്തറിന് കൈമാറി, അടുത്ത പോരാട്ടം 2030-ൽ ദോഹയിൽ

Save your stories

Sign in