വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്ത് ശനിയാഴ്ച വൈകുന്നേരം ശക്തമായ വെടിവെയ്പ്പുണ്ടായി. അക്രമിയടക്കം രണ്ട് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. വൈറ്റ് ഹൗസിന് സമീപമുള്ള 17-ാം സ്ട്രീറ്റും പെന്‍സില്‍വാനിയ അവന്യൂ നോര്‍ത്ത് വെസ്റ്റും സംഗമിക്കുന്ന അതീവ സുരക്ഷാ മേഖലയിലാണ് വെടിവെയ്പ്പ് നടന്നതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനുമായുള്ള നിര്‍ണായക കരാര്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓഫീസില്‍ തുടരുന്ന സമയത്തായിരുന്നു അപ്രതീക്ഷിത ആക്രമണം. എന്നാല്‍ അദ്ദേഹം പൂര്‍ണ്ണ സുരക്ഷിതനാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പരിക്കേറ്റ അക്രമിയെ യുഎസ് നിയമപാലകര്‍ ഉടനടി കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആക്രമണത്തെ തുടര്‍ന്ന് വൈറ്റ് ഹൗസിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ലോക്ക്ഡൗണ്‍ പിന്നീട് സുരക്ഷാ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതോടെ പിന്‍വലിച്ചു. എഫ്ബിഐ സംഘം സംഭവസ്ഥലത്തെത്തി സീക്രട്ട് സര്‍വീസിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ടെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു മാസം മുന്‍പ് വാഷിങ്ടണ്‍ ഹില്‍ട്ടണില്‍ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയും സമാനമായ രീതിയില്‍ വെടിവെയ്പ്പ് ശ്രമം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ വീണ്ടും വൈറ്റ് ഹൗസിന് തൊട്ടടുത്ത് വെടിവെയ്പ്പ് ഉണ്ടായത് യുഎസ് സുരക്ഷാ ഏജന്‍സികളെ കടുത്ത ജാഗ്രതയിലാക്കിയിരിക്കുകയാണ്.
വൈറ്റ് ഹൗസ് പരിസരത്ത് വെടിവെയ്പ്പ്; രണ്ട് പേര്‍ക്ക് പരിക്ക്; അക്രമി ഗുരുതരാവസ്ഥയില്