വാട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും കൂടുതൽ ശക്തമാക്കുന്നതിനായി 'റെസ്ട്രിക്റ്റഡ് ചാറ്റ്' (Restricted Chat) എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. വാട്സ്ആപ്പിൽ നിലവിലുള്ള 'അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി' ഫീച്ചറിന്റെ കൂടുതൽ നവീകരിച്ച രൂപമാണിത്. ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ ഉപയോക്താക്കളുടെ ചാറ്റുകൾക്ക് നാല് തരത്തിലുള്ള അധിക നിയന്ത്രണങ്ങളാണ് ലഭിക്കുന്നത്.
- ഗാലറി സേവിങ് തടയുന്നു: ചാറ്റിലൂടെ അയക്കുന്ന ചിത്രങ്ങളും വീഡിയോകളും ഫോണിലെഗാലറിയിൽ ഓട്ടോമാറ്റിക്കായി സേവ് ആകില്ല
- എക്സ്പോർട്ട് നിയന്ത്രണം: റെസ്ട്രിക്റ്റഡ് ചാറ്റിലെ സംഭാഷണങ്ങൾ എക്സ്പോർട്ട് ചെയ്യാൻ സാധിക്കില്ല
- മെറ്റാ എ.ഐ ഉപയോഗിക്കാൻ കഴിയില്ല: ആ പ്രത്യേക സംഭാഷണത്തിനുള്ളിൽ മെറ്റാ എ.ഐ (Meta AI) ഫീച്ചറുകൾ ലഭ്യമാകില്ല.
- ലിങ്ക്ഡ് ഡിവൈസുകളിൽ ലഭ്യമാകില്ല: കണക്റ്റ് ചെയ്തിട്ടുള്ള മറ്റ് ഡിവൈസുകളിൽ (Linked Devices) ഈ ചാറ്റ് കാണാനോ ഉപയോഗിക്കാനോ കഴിയില്ല.
ഇതിൽ നാലാമത്തെ നിയന്ത്രണമാണ് ഏറ്റവും പ്രധാനപ്പെട്ടതായി വിലയിരുത്തപ്പെടുന്നത്. അനധികൃത വാട്സ്ആപ്പ് ക്ലയന്റുകളും എ.ഐ ടൂളുകളും സാധാരണയായി സന്ദേശങ്ങൾ ചോർത്താൻ ലിങ്ക്ഡ് ഡിവൈസുകളെയാണ് ആശ്രയിക്കുന്നത്. ഈ ഫീച്ചറിലൂടെ ആ പഴുതുകൾ പൂർണ്ണമായി അടയ്ക്കപ്പെടുന്നു. ഉപയോക്താവ് തന്റെ അക്കൗണ്ടിൽ ഏതെങ്കിലും അനൗദ്യോഗിക ആപ്പോ എ.ഐ ഏജന്റോ കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലും റെസ്ട്രിക്റ്റഡ് ചാറ്റിനുള്ളിലെ സന്ദേശങ്ങൾ വായിക്കാൻ ആ ടൂളുകൾക്ക് കഴിയില്ല.
ഈ ഫീച്ചർ ഓൺ ചെയ്യുമ്പോൾ, സന്ദേശങ്ങൾ പ്രൈമറി ഡിവൈസിൽ മാത്രമേ ലഭ്യമാകൂ എന്ന മുന്നറിയിപ്പ് നൽകുന്ന സിസ്റ്റം മെസ്സേജ് ചാറ്റിൽ കാണിക്കും. ഇതിലൂടെ സംഭാഷണത്തിലുള്ള എല്ലാവർക്കും ഈ നിയന്ത്രണത്തെക്കുറിച്ച് വിവരവും ലഭിക്കും.
അതേസമയം, ഈ ഫീച്ചർ ഓൺ ചെയ്തില്ലെങ്കിലും സാധാരണ ചാറ്റുകൾ സുരക്ഷിതമാണെന്ന് കമ്പനി വ്യക്തമാക്കുന്നു. വാട്സ്ആപ്പിലെ എല്ലാ ചാറ്റുകളും എപ്പോഴും 'എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ്' ആയിരിക്കും. ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ ഉപയോഗിക്കാവുന്ന ഒരു അധിക സുരക്ഷാ സംവിധാനം മാത്രമാണിത്. നിലവിൽ ബീറ്റാ ടെസ്റ്റിങ്ങിലുള്ള ഈ ഫീച്ചർ എന്നുമുതൽ എല്ലാവർക്കും ലഭ്യമാകുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.