കുപ്പർട്ടിനോ: ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം എത്തി. ബുധനാഴ്ച നടന്ന ‘സർപ്രൈസ് ആൻഡ് ഷൈൻ’ ഇവന്റിൽ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളായ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് എന്നിവ ആപ്പിൾ അവതരിപ്പിച്ചു. കഴിഞ്ഞ തലമുറയിലെ ഐഫോൺ 17 പ്രോ മോഡലുകളെ അപേക്ഷിച്ച് ഹാർഡ്‌വെയറിലും പ്രകടനക്ഷമതയിലും ശ്രദ്ധേയമായ മാറ്റങ്ങളോടെയാണ് പുതിയ ഫോണുകൾ എത്തുന്നത്.
ആപ്പിളിന്റെ പുതിയ A20 പ്രോ ചിപ്സെറ്റും C2 മോഡവും ആണ് ഫോണുകളുടെ പ്രധാന സവിശേഷതകൾ. 2nm സാങ്കേതികവിദ്യയിൽ നിർമിച്ച A20 പ്രോ ചിപ്പിൽ ആറ് കോർ CPU, ഏഴ് കോർ GPU എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ താപനില നിയന്ത്രിക്കുന്നതിനായി പുതിയ വേപ്പർ ചേംബർ സംവിധാനവും നൽകിയിട്ടുണ്ട്.
ഐഫോൺ 18 പ്രോയിൽ 6.3 ഇഞ്ച് ഡിസ്പ്ലേയും, പ്രോ മാക്‌സിൽ 6.9 ഇഞ്ച് ഡിസ്പ്ലേയുമാണ് നൽകിയിരിക്കുന്നത്. 12GB റാമിനൊപ്പം പുതിയ ചിപ്സെറ്റ് ഫോണിന്റെ വേഗതയും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ iOS 27ലാണ് ഫോണുകൾ പ്രവർത്തിക്കുന്നത്.
ബാറ്ററി ശേഷിയിലും പുതിയ മോഡലുകൾ ശ്രദ്ധേയമായ മുന്നേറ്റം വാഗ്ദാനം ചെയ്യുന്നു. ഐഫോൺ 18 പ്രോയ്ക്ക് ഒറ്റ ചാർജിൽ 24 മണിക്കൂർ വരെയും പ്രോ മാക്‌സിന് 30 മണിക്കൂർ വരെയും ബാറ്ററി ബാക്കപ്പാണ് കമ്പനി അവകാശപ്പെടുന്നത്. തുടർച്ചയായ വീഡിയോ പ്ലേബാക്കിൽ യഥാക്രമം 36 മണിക്കൂറും 45 മണിക്കൂറും വരെ ലഭിക്കുമെന്നും ആപ്പിൾ വ്യക്തമാക്കുന്നു. പുതുക്കിയ ഡൈനാമിക് ഐലൻഡ് സംവിധാനത്തിലൂടെ ഒരേസമയം മൂന്ന് ആക്ടിവിറ്റികൾ സ്ക്രീനിൽ കാണാനും സാധിക്കും.
ക്യാമറ വിഭാഗത്തിലും വലിയ അപ്‌ഗ്രേഡാണ് പുതിയ മോഡലുകളിൽ നൽകിയിരിക്കുന്നത്. വേരിയബിൾ അപ്പർച്ചറുള്ള 48 മെഗാപിക്സൽ ഫ്യൂഷൻ പ്രൈമറി സെൻസർ, 48 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 48 മെഗാപിക്സൽ 2x ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ പിൻക്യാമറയാണ് ഫോണുകളിലുള്ളത്. ഓട്ടോഫോക്കസ് സംവിധാനമുള്ള 18 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് സെൽഫികൾക്കായി നൽകിയിരിക്കുന്നത്.
ഐഫോൺ 18 പ്രോ (256GB) മോഡലിന്റെ അടിസ്ഥാന വില 1,199 ഡോളറാണ്. ഐഫോൺ 18 പ്രോ മാക്‌സ് (256GB) മോഡലിന് 1,299 ഡോളറാണ് വില.സെപ്റ്റംബർ 18 മുതൽ പുതിയ ഫോണുകൾ വിപണിയിൽ ലഭ്യമാകുമെന്ന് ആപ്പിൾ അറിയിച്ചു. ഇന്ത്യയിൽ മോഡലുകളുടെ വില ഒന്നേകാൽ ലക്ഷത്തോളം രൂപ വരുമെന്നാണ് പ്രതീക്ഷ.