വയനാട് കള്ളാടി മണ്ണിടിച്ചില്‍: തെരച്ചില്‍ ഇന്നും തുടരും; കണ്ടെത്താനുള്ളത് 5 പേരെ; മുഖ്യമന്ത്രി ഇന്ന് ദുരന്ത സ്ഥലത്ത്
കല്‍പ്പറ്റ: മണ്ണിടിച്ചിലുണ്ടായ വയനാട് കള്ളാടിയില്‍ കാണാതായ അഞ്ചുപേര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. കഴിഞ്ഞദിവസം രാത്രി വൈകിയും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം സജീവമായിരുന്നു. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ കെഡാവര്‍ നായ്ക്കളെയും അത്യാധുനിക സ്‌പോട്ട് ലൊക്കേഷന്‍ ക്യാമറകളെയും തിരച്ചിലിനായി രംഗത്തിറക്കിയിട്ടുണ്ട്.
മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തേക്ക് നിലവില്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഇന്ന് കൂടുതല്‍ ശാസ്ത്രീയമായ രീതിയിലാകും തിരച്ചില്‍ മുന്നോട്ട് പോകുകയെന്ന് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. ദുരന്തബാധിത പ്രദേശം നാല് പ്രത്യേക സോണുകളാക്കി തിരിച്ചാണ് ഇന്നത്തെ പരിശോധന. മണ്ണിനടിയിലെ ചെറിയ ചലനങ്ങള്‍ പോലും കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്ന 'സ്‌പോട്ട് ലൊക്കേഷന്‍ ക്യാമറകള്‍' സ്ഥലത്തെത്തിച്ചിട്ടുണ്ട്. തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കാനുള്ള പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉടന്‍ ആരംഭിക്കും.
ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴുപേരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞദിവസം കണ്ടെടുത്ത മൂന്ന് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരിച്ചവരെല്ലാം ഇതരസംസ്ഥാന തൊഴിലാളികളാണ്. കാണാതായ വിക്രം, രാഹുല്‍, മുഹമ്മദ് ഇമ്രാന്‍, രാകേഷ്, അസറുദ്ദീന്‍ അന്‍സാരി എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
കള്ളാടിയിലെ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് ദുരന്തസ്ഥലത്തെത്തും. മന്ത്രിമാരായ എ.പി. അനില്‍കുമാറും ടി. സിദ്ദിഖും നിലവില്‍ കള്ളാടിയില്‍ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.