'തുരങ്കപാത നിർമ്മാണത്തില്‍ തന്നെ വികസന വിരോധിയാക്കാന്‍ നോക്കി; വിഴിഞ്ഞത്ത് ആരോപണം ഉന്നയിച്ചവര്‍ ഒടുവില്‍ തലയില്‍ മുണ്ടിട്ട് നടക്കും'; പിണറായിക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്
വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിലും വയനാട് തുരങ്കപാത നിർമ്മാണത്തിലും മുൻ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിലവിൽ യാതൊരുവിധ ഓഹരി കൈമാറ്റവും നടന്നിട്ടില്ലെന്നും സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ അത് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ അഞ്ചിന് തന്നെ ദേശാഭിമാനി പത്രം ഈ ഓഹരി കൈമാറ്റത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നതാണ്. കഴിഞ്ഞ സർക്കാരിന് ഇതേക്കുറിച്ച് കൃത്യമായ വിവരമുണ്ടായിരുന്നിട്ടും കൺസഷൻ എഗ്രിമെന്റ് പോലും വായിച്ചുനോക്കാതെ, ഈ ആരോപണം ഇപ്പോഴത്തെ സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചവർ ഒടുവിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
തുറമുഖം ഈ സർക്കാരിന്റെ ഡ്രീം പ്രോജക്ട് ആയതിനാലാണ് മുഖ്യമന്ത്രിയുടെ കീഴിൽ നിലനിർത്തിയത്. എന്നാൽ, മുൻപ് പിണറായി വിജയൻ എന്തിനാണ് ഐടി വകുപ്പ് ഏറ്റെടുത്തതെന്നും, അത് പാർട്ടിയിലെ കണ്ണൂരിലുള്ള ആരെയെങ്കിലും സഹായിക്കാൻ ആയിരുന്നോ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് തന്നെ വികസന വിരോധിയായി ചിത്രീകരിക്കാൻ സി.പി.എം വലിയ രീതിയിൽ ശ്രമിച്ചതായും മുഖ്യമന്ത്രി തുറന്നടിച്ചു. തന്നെ തകർക്കാനായി സി.പി.എം ഏറ്റവും കൂടുതൽ ഉപയോഗിച്ച ആയുധം ഇതായിരുന്നു. എന്നാൽ, കള്ളാടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, സമഗ്രമായി എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച് വിലയിരുത്തിയ ശേഷമേ തുരങ്ക പാതയുടെ നിർമ്മാണം ഇനി പുനരാരംഭിക്കുകയുള്ളൂവെന്നും സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോകൂവെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.