ശ്രീലങ്കയിൽ ലഹരിസംഘങ്ങൾ ജയിലിൽ ഏറ്റുമുട്ടി; ഗാർഡുകൾ ഉൾപ്പെടെ 25 മരണം, നൂറിലധികം പേർക്ക് പരിക്ക്
കൊളംബോ: ശ്രീലങ്കൻ ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഭീകരമായ ഏറ്റുമുട്ടലിൽ 4 ജയിൽ ഗാർഡുകൾ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു. അഞ്ച് വർഷത്തിനിടയിൽ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ജയിൽ കലാപത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റതായും ശ്രീലങ്കൻ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. തലസ്ഥാനമായ കൊളംബോയ്ക്ക് വടക്കുള്ള പ്രശസ്തമായ നെഗോംബോ ജയിലിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ നെഗോംബോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജയിലിനുള്ളിലെ രണ്ട് പ്രമുഖ മയക്കുമരുന്ന് മാഫിയാ സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വലിയ കലാപത്തിലേക്ക് വഴിമാറിയത്. രാത്രി മുഴുവൻ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ പലരും വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കലാപം അടിച്ചമർത്താൻ ജയിൽ അധികൃതർ ശ്രമിക്കുന്നതിനിടെയാണ് നാല് സുരക്ഷാ ഗാർഡുകൾക്ക് ജീവൻ നഷ്ടമായത്. ആയിരക്കണക്കിന് തടവുകാരുള്ള ജയിലിൽ സംഘർഷം നിയന്ത്രണാതീതമായതോടെ സൈന്യത്തെ രംഗത്തിറക്കി. നിലവിൽ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് സൈന്യം പ്രദേശം നിരീക്ഷിച്ചുവരികയാണ്.
അതേസമയം ജയിലിനുള്ളിൽ പുരുഷ തടവുകാർ തമ്മിലുള്ള സംഘർഷം പടർന്നതോടെ, സുരക്ഷ ഭയന്ന ലേഡീസ് ജയിലിലെ തടവുകാരികൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറി മോചനം ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇതിനിടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് ചില വനിതാ തടവുകാർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. ജയിലിനുള്ളിലെ വെടിവെയ്പ്പിന്റെയും വൻ കലാപത്തിന്റെയും വാർത്തയറിഞ്ഞ് ആശങ്കാകുലരായ തടവുകാരുടെ നൂറുകണക്കിന് ബന്ധുക്കൾ ജയിലിന് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്.
ശ്രീലങ്കയിലെ ജയിലുകളിൽ നിലവിലുള്ള കടുത്ത പ്രതിസന്ധികളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ ദുരന്തം. ഒടുവിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം ശ്രീലങ്കയിലെ ജയിലുകളിൽ ആകെ 41,250 തടവുകാരുണ്ട്. ഇത് ജയിലുകൾക്ക് സാധാരണ രീതിയിൽ ഉൾക്കൊള്ളാൻ കഴിയുന്ന അന്തേവാസികളുടെ എണ്ണത്തേക്കാൾ ഏകദേശം നാലിരട്ടിയാണ്. ഈ അമിത ജനസാന്ദ്രതയും സൗകര്യങ്ങളുടെ കുറവുമാണ് തടവുകാരെ പെട്ടെന്ന് അക്രമത്തിലേക്ക് നയിക്കുന്നത്. മുൻപ് 2020 ഡിസംബറിലെ കോവിഡ് കാലത്തും ശ്രീലങ്കയിലെ മറ്റൊരു ജയിലിൽ സമാനമായ രീതിയിൽ വൻ കലാപമുണ്ടാകുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.