പൗരാവകാശങ്ങള്‍ ഇല്ലാതാക്കുന്ന പ്രതികാര നടപടി; ആര്‍. രാജഗോപാലിന്റെ പാസ്പോര്‍ട്ട് നിഷേധിച്ചതിനെതിരെ കെ.സി. വേണുഗോപാല്‍ എംപി; ബംഗാള്‍ സര്‍ക്കാരിനെതിരെയും വിമര്‍ശനം
വോട്ടർ പട്ടികയിൽ പേരില്ലെന്ന് ചൂണ്ടിക്കാട്ടി പാസ്പോർട്ട് നിഷേധിക്കപ്പെട്ട 'ദ് ടെലഗ്രാഫ്' മുൻ എഡിറ്റർ ആർ. രാജഗോപാലിനെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി കൊൽക്കത്തയിലെ വസതിയിലെത്തി സന്ദർശിച്ചു. പ്രമുഖ മാധ്യമപ്രവർത്തകനായ ആർ. രാജഗോപാലിന് പുതുക്കിയ പാസ്‌പോർട്ട് നിഷേധിച്ച നടപടി ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യാവകാശങ്ങൾക്കുനേരെയുള്ള നഗ്നമായ കടന്നുകയറ്റമാണെന്നും സന്ദർശനത്തിന് ശേഷം കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
2010 മുതൽ കൊൽക്കത്തയിലെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന ആർ. രാജഗോപാലിന്റെ പേര്, പ്രത്യേക തീവ്ര പുനഃപരിശോധന (S I R) നടപടിക്രമത്തിന്റെ ഭാഗമായാണ് ഒഴിവാക്കിയത്. 2002 അടിസ്ഥാന വർഷമാക്കി പത്താം ക്ലാസ് മാർക്ക് ലിസ്റ്റിലുണ്ടായ ഒരു നിസ്സാര പിശക് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. ഇതിനെതിരെ അദ്ദേഹം നൽകിയ അപ്പീൽ ഇപ്പോഴും പരിഗണനയിലിരിക്കെയാണ് പാസ്‌പോർട്ട് നിഷേധിച്ചത്. 2005 മുതൽ പാസ്‌പോർട്ട് കൈവശമുള്ള അദ്ദേഹം 2015-ൽ അത് കൃത്യമായി പുതുക്കിയതുമാണ്. എന്നിട്ടും മതിയായ പരിശോധനകളില്ലാതെ പൊലീസ് അദ്ദേഹത്തെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വോട്ടർ ഐഡി കാർഡ് ആവശ്യപ്പെടുകയും പാസ്‌പോർട്ട് പുതുക്കൽ തടയുകയുമായിരുന്നു.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിലെ ഗുരുതരമായ പിഴവുകൾ ഉണ്ടായിട്ടും ചിലർക്ക് നിയമപരമായ നടപടികളിൽ നിന്ന് ഒഴിവാകാൻ കഴിയുമ്പോൾ, സാധാരണ പൗരന്മാരെ നിസ്സാരമായ രേഖാപിശകുകളുടെ പേരിൽ ശിക്ഷിക്കുന്നത് ഇരട്ടനീതിയാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. നിർഭയമായി സത്യം എഴുതുന്ന ഒരു മാധ്യമപ്രവർത്തകനെ ലക്ഷ്യമിട്ട് നടത്തുന്ന പ്രതികാര നടപടിയാണിത്. ആദ്യം വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും പിന്നീട് പാസ്‌പോർട്ട് നിഷേധിച്ച് പൗരാവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്ന അപകടകരമായ പ്രവണത ജനാധിപത്യത്തിന് കടുത്ത വെല്ലുവിളിയാണ്. ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കൽ അപേക്ഷ നിഷേധിച്ച നടപടി പുനഃപരിശോധിച്ച് അദ്ദേഹത്തിന് ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിൽ പേരില്ലെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാളിലെ സർക്കാർ സാമൂഹ്യ ക്ഷേമ പദ്ധതികളിൽ നിന്നും സാധാരണ ജനങ്ങളെ ഒഴിവാക്കിയ നടപടിയും അംഗീകരിക്കാനാവില്ലെന്ന് വേണുഗോപാൽ പറഞ്ഞു. പാർശ്വവത്കരിക്കപ്പെട്ടവർക്കും അവശദുർബല വിഭാഗത്തിൽപ്പെട്ടവർക്കും റേഷൻ വിഹിതം പോലും കിട്ടാത്ത ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. ജനങ്ങളുടെ അവകാശങ്ങൾ എസ്.ഐ.ആറിന്റെ (SIR) മറവിൽ തട്ടിയെടുക്കുന്ന സർക്കാരിന്റെ നടപടി തികച്ചും ജനാധിപത്യവിരുദ്ധമാണെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.