'അധികാരഭ്രമത്തിന്റെ മതിഭ്രമം, ചിലരുടെ പടിയിറക്കം വലിയ ആശ്വാസം'; വിരമിക്കല്‍ ദിനത്തില്‍ എ. ജയതിലകിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍. പ്രശാന്ത്
സംസ്ഥാന ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ വിരമിക്കല്‍ ദിനത്തില്‍, അദ്ദേഹത്തിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായും കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങളുമായും എന്‍. പ്രശാന്ത് ഐഎഎസ് രംഗത്ത്. താന്‍ തന്നെയാണ് ഈ നാടിന്റെ അധിപന്‍ എന്ന് അഹങ്കരിക്കുന്ന ആളാണ് ജയതിലക് എന്ന് പ്രശാന്ത് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. ചീഫ് സെക്രട്ടറിയുടെ ചിത്രം സഹിതം പങ്കുവെച്ച കുറിപ്പില്‍, ചിലര്‍ അന്തസ്സോടെ പടിയിറങ്ങുമ്പോള്‍ മറ്റുചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെയാണ് നോക്കിക്കാണുന്നതെന്ന് പ്രശാന്ത് കുറിച്ചു.
'ധര്‍മ്മോ രക്ഷതി രക്ഷിതഃ' എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍, അധികാരക്കസേരകള്‍ വെറും താല്‍ക്കാലിക താവളങ്ങള്‍ മാത്രമാണെന്ന് പലരും മറന്നുപോകുന്നതായി പ്രശാന്ത് ചൂണ്ടിക്കാണിക്കുന്നു. മുപ്പതുകൊല്ലം അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ ഫയലുകള്‍ക്ക് മുകളില്‍ വിധികുറിച്ച ഉദ്യോഗസ്ഥമേധാവികളുടെ മതിഭ്രമം രാഷ്ട്രീയക്കാരേക്കാള്‍ കഷ്ടമാണെന്നും, തങ്ങള്‍ക്ക് ഇവിടെ അസ്തമയമില്ലെന്ന് ഇവര്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നും അദ്ദേഹം പരിഹസിക്കുന്നു. യോഗ്യത കൊണ്ടല്ല, മറിച്ച് ചില വലിയ തമ്പുരാക്കന്മാര്‍ക്ക് വഴിവിട്ട ഒത്താശകള്‍ ചെയ്തു കൊടുക്കാനുള്ള സന്നദ്ധത കൊണ്ടാണ് ഇക്കൂട്ടര്‍ പദവികള്‍ നേടുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
ഭരണകൂടത്തിന്റെ ഉമ്മറങ്ങളില്‍ നടക്കാറുള്ള യാത്രയയപ്പ് ചടങ്ങുകളും അവിടെ വായിക്കുന്ന മംഗളപത്രങ്ങളും പലപ്പോഴും കപടമായ ആചാരങ്ങള്‍ മാത്രമാണെന്ന് പ്രശാന്ത് കുറിച്ചു. ക്രൂരതകള്‍ക്ക് 'കര്‍ക്കശനിലപാട്' എന്നും, അഹങ്കാരത്തിന് 'ഭരണപരമായ ദൃഢത' എന്നും, അഴിമതികള്‍ക്ക് 'സാമര്‍ത്ഥ്യം' എന്നുമാണ് ഇത്തരം ചടങ്ങുകളില്‍ വിശേഷിപ്പിക്കാറുള്ളത്. മത്തായിയുടെ സുവിശേഷത്തിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ട്, പുറമെ ഭംഗിയുള്ളതും അകമെ ചത്തവരുടെ അസ്ഥികളും അശുദ്ധിയും നിറഞ്ഞതുമായ 'വെള്ളയടിച്ച ശവക്കല്ലറകള്‍ക്ക് സദൃശരാണ്' ഇത്തരക്കാരെന്ന് യേശുദേവന്‍ പറഞ്ഞത് പ്രശാന്ത് ഓര്‍മ്മിപ്പിച്ചു. സ്തുതിപാഠകരുടെ പട്ടിക നോക്കിയാല്‍ കള്ളന് കഞ്ഞി വെച്ചവര്‍ ആരാണെന്ന് മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണകൂട ഉത്തരവുകളുടെ വരികള്‍ക്കിടയില്‍ അവ്യക്തതകളുടെ കൊടുവാള്‍ ഒളിപ്പിച്ചുവെച്ച് പ്രകൃതിയെയും പാവപ്പെട്ടവന്റെ മണ്ണിനെയും ചൂഷണം ചെയ്തവരാണിവര്‍. അതിശക്തര്‍ക്കൊപ്പം നിന്ന് മുട്ടില്‍ മരം മുറിച്ചതു കാരണം കേസില്‍ കുടുങ്ങിപ്പോയ അനവധി പാവങ്ങളുടെ ശാപം കഴുകിക്കളയാന്‍ 'സ്‌പൈസസ് ബോര്‍ഡി'ലെ സുഗന്ധവ്യഞ്ജനങ്ങള്‍ക്കൊന്നും സാധിക്കില്ലെന്ന് പ്രശാന്ത് തുറന്നടിച്ചു. വ്യക്തിപരമായി ക്ഷമിച്ചാലും നിയമലംഘനങ്ങള്‍ക്ക് സമയമെടുത്തിട്ടാണെങ്കിലും നടപടി ഉണ്ടാവുക തന്നെ വേണം. ചുവരുകളില്‍ വെള്ളയടിച്ച ശവക്കല്ലറകളുടെ ഭംഗി ബാക്കിയുണ്ടാകാമെങ്കിലും, കാലത്തിന്റെ വിചാരണയില്‍ നിന്നും ആര്‍ക്കും ഒളിച്ചോടാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രശാന്ത് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.