അയോധ്യ ഭണ്ഡാരക്കൊള്ള: ചമ്പത് റായിയെ ചോദ്യം ചെയ്തു; അന്വേഷണം സംഘ്പരിവാർ നേതാക്കളിലേക്ക്
അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സംഭാവനയായി നൽകിയ പണവും ഉപഹാരങ്ങളും വൻതോതിൽ കൊള്ളയടിക്കപ്പെട്ട സംഭവത്തിൽ വിഎച്ച്പി ഉപാധ്യക്ഷനും ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. രാജിവെച്ച ചമ്പത് റായിയുടെ വിശദമായ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ക്ഷേത്രം ട്രസ്റ്റിയായിരുന്ന അനിൽ മിശ്രയെയും മറ്റ് ഭാരവാഹികളെയും ഉടൻ തന്നെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതോടെ ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പ്രമുഖ സംഘ്പരിവാർ നേതാക്കളിലേക്ക് നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കേസിലെ എട്ട് പ്രതികളെയും ഇന്ന് അയോധ്യ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം പ്രതികളുടെ വീടുകളിൽ പൊലീസ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് ബാങ്ക് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായവരിൽ നിന്ന് 79.85 ലക്ഷം രൂപ ഇതിനകം തന്നെ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. രാമശങ്കർ യാദവ് എന്ന ടിന്നു യാദവ്, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, അവിനാഷ് ശുക്ല, മനീഷ് യാദവ്, രാമശങ്കർ മിശ്ര, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ എന്നിവരാണ് നിലവിൽ റിമാൻഡിലുള്ള എട്ട് പ്രതികൾ.
അതേസമയം, കേസിലെ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ഔദ്യോഗികമായി അറിയിച്ചു. ഭക്തർ നൽകിയ സംഭാവനകൾ സുരക്ഷിതമാണെന്നും സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുമെന്നും ട്രസ്റ്റ് വ്യക്തമാക്കി. വിവാദങ്ങൾക്ക് പിന്നാലെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായി, ട്രസ്റ്റി അനിൽ മിശ്ര എന്നിവർ നൽകിയ രാജിക്കത്തുകൾ ലഭിച്ചതായും ട്രസ്റ്റ് ഭാരവാഹികൾ സ്ഥിരീകരിച്ചിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.