കൊലപാതകത്തിന് മുന്‍പ് കേതനില്‍ നിന്ന് സിയ വാങ്ങിയത് ഒരു കോടി; കാമുകന് നല്‍കിയെന്ന് കണ്ടെത്തല്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മുംബൈ: ലൊഹഗാഡ് കോട്ടയിലെ ബിസിനസുകാരന്‍ കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികളായ പ്രതിശ്രുത വധു സിയയ്ക്കും കാമുകന്‍ ചേതനുമെതിരെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊലപാതകം നടക്കുന്നതിന് 34 മിനിറ്റ് മുമ്പ് സിയയും ചേതനും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നതായി ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനയില്‍ അന്വേഷണസംഘം കണ്ടെത്തി. ഗൂഢാലോചന തെളിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തെളിവാണിതെന്ന് പോലീസ് വ്യക്തമാക്കി. സമുദ്രനിരപ്പില്‍ നിന്ന് 3,300 അടി ഉയരമുള്ള കോട്ടയില്‍ മറ്റു സഞ്ചാരികള്‍ ഇല്ലാത്ത വ്യൂ പോയിന്റ് സിയയ്ക്ക് പറഞ്ഞു കൊടുത്തത് ചേതനാണ്. ഇതനുസരിച്ചാണ് കേതനെയും കൂട്ടി സിയ ഇവിടെയെത്തിയത്.
അപകടമരണമെന്ന് കരുതിയ സംഭവം കൊലപാതകമാണെന്ന് തെളിയിച്ചത് കേതന്റെ സഹോദരിക്ക് സിയയുടെ പെരുമാറ്റത്തില്‍ തോന്നിയ സംശയമാണ്. കേതനെ കോട്ടയില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ മുന്‍പും സിയ ശ്രമിച്ചിരുന്നു. മേയ് 31-ന് ഇരുവരും കോട്ട സന്ദര്‍ശിച്ച ശേഷം, ജൂണ്‍ നാലിന് വീണ്ടുമെത്താന്‍ കേതനെ സിയ നിര്‍ബന്ധിച്ചെങ്കിലും അമ്മ വിലക്കിയതിനാല്‍ നടന്നില്ല. തുടര്‍ന്ന് ജൂണ്‍ 14-ന് കോട്ടയിലെത്തിച്ച ശേഷം കേതനെ സിയ തള്ളിയിട്ടെങ്കിലും കുറ്റിച്ചെടികളില്‍ പിടിച്ച് കേതന്‍ രക്ഷപ്പെടുകയായിരുന്നു. അന്ന് പാമ്പിനെ കണ്ട് പേടിച്ച് തള്ളിയതാണെന്നാണ് സിയ കേതനെ വിശ്വസിപ്പിച്ചത്.
ക്രൂരമായ കൊലപാതകത്തിന് ശേഷം ഒടുവില്‍ പ്രതികളെ കുടുക്കിയത് ഒരു സി.സി.ടി.വി ദൃശ്യമാണ്. കനത്ത ചൂടുള്ള സമയത്ത് തലയില്‍ ഹെഡ്സെറ്റും വെച്ച് കട്ടിയുള്ള ഹൂഡി ധരിച്ച് കേതന്റെയും സിയയുടെയും പിന്നാലെ ഒരാള്‍ നടന്നുപോകുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഇത് ചേതനായിരുന്നു. ഈ വേഷവിധാനത്തില്‍ സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. പിടിക്കപ്പെടാതിരിക്കാന്‍ കഴിഞ്ഞ മൂന്ന് മാസത്തെ ചാറ്റുകളും വോയ്സ് നോട്ടുകളും ഇരുവരും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. ഇവ സൈബര്‍ വിഭാഗം വീണ്ടെടുക്കുകയാണ്.
റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപ്പിന്റെ ഡയറക്ടറും ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ കേതനുമായി കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സിയയുടെ വിവാഹനിശ്ചയം. ഉദയ്പൂരിലെ കൊട്ടാരം ബുക്ക് ചെയ്ത് വന്‍ ആഡംബര വിവാഹത്തിനാണ് ഒരുങ്ങിയിരുന്നത്. എന്നാല്‍ സിയയ്ക്ക് ഇതില്‍ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. വിവാഹബന്ധം വേര്‍പെടുത്തി ചേതനൊപ്പം ജീവിക്കുന്നത് പേരുദോഷമുണ്ടാക്കുമെന്ന് ഭയന്നാണ് ഇരുവരും കൊലപാതകം ആസൂത്രണം ചെയ്തത്. കേതന്‍ മരിച്ചാല്‍ അടുത്ത വിവാഹത്തിന് വീട്ടുകാര്‍ മൂന്ന് വര്‍ഷമെങ്കിലും സമയമെടുക്കുമെന്നും, ആ സമയം കൊണ്ട് ചേതന് ബിസിനസില്‍ സാമ്പത്തിക ഭദ്രത നേടി സിയയെ സാധാരണ രീതിയില്‍ വിവാഹം കഴിക്കാമെന്നുമായിരുന്നു ഇവരുടെ പ്ലാന്‍. ഇതിനായി ഷോപ്പിംഗിനെന്ന് പറഞ്ഞ് കേതനില്‍ നിന്ന് സിയ വാങ്ങിയ ഒരു കോടി രൂപ ചേതന് ബിസിനസ് ആവശ്യങ്ങള്‍ക്കായി കൈമാറിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.