‘വി.ഡി. സതീശനെതിരെയുള്ള വിമർശനം അനാവശ്യം; അദ്ദേഹം വെള്ളത്തിലിറങ്ങി തോണി തുഴയേണ്ടതില്ല’: പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്
സംസ്ഥാനത്ത് കനത്ത മഴയും ദുരിതവും തുടരുമ്പോഴും മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ ചടങ്ങുകളിൽ പങ്കെടുത്തതും ജ്വല്ലറി ഉദ്ഘാടനം നടത്തിയതും സർക്കാർ ഹെലികോപ്റ്ററിൽ സഞ്ചരിച്ചതും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. എന്നാൽ, ഈ വിമർശനങ്ങൾ തികച്ചും അനാവശ്യമാണെന്ന് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തി. പ്രളയ സമാന സാഹചര്യമാണെന്ന് കരുതി ഒരാൾ ലഘുഭക്ഷണം കഴിക്കുന്നതിലെയോ മുൻകൂട്ടി നിശ്ചയിച്ച ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്ത് വാക്ക് പാലിക്കുന്നതിലെയോ തെറ്റെന്താണെന്ന് അദ്ദേഹം ചോദിച്ചു.
ഹെലികോപ്റ്റർ വാടകയും യാഥാർത്ഥ്യവും
സർക്കാർ പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകി കരാറെടുത്തിട്ടുള്ള ഹെലികോപ്റ്ററാണ് ഉപയോഗിച്ചത്. മാസം 25 മണിക്കൂർ പറന്നില്ലെങ്കിലും ഈ തുക പൂർണ്ണമായും നൽകണം. അങ്ങനെയിരിക്കെ അടിയന്തര ആവശ്യങ്ങൾക്കായി വി.ഐ.പി യാത്രയ്ക്ക് ഹെലികോപ്റ്റർ ഉപയോഗിച്ചതിനെ ഒരു വലിയ കുറ്റമായി കാണാൻ കഴിയില്ലെന്നും, കരാർ തുക വെറുതെ നൽകുന്നതിലും നല്ലത് അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"നേരിട്ട് തോണി തുഴയേണ്ടതില്ല, മേൽനോട്ടം വഹിച്ചാൽ മതി"
നാട്ടിൽ ദുരന്തമുണ്ടാകുമ്പോൾ ലോകത്ത് ഒരിടത്തും മന്ത്രിമാരോ ജനപ്രതിനിധികളോ നിരാഹാരം കിടന്ന ചരിത്രമില്ലെന്ന് സന്തോഷ് പണ്ഡിറ്റ് ഓർമ്മിപ്പിച്ചു. ജനങ്ങൾ ദുരിതത്തിലാകുമ്പോൾ സതീശൻ സൽക്കാരത്തിൽ പങ്കെടുത്തു എന്ന വിമർശനം ഉടൻ അവസാനിപ്പിക്കണം. മഴയും പ്രളയവും ഉണ്ടാക്കുന്നത് അദ്ദേഹമല്ല. ജനപ്രതിനിധികൾ നേരിട്ട് വെള്ളത്തിലിറങ്ങി തോണി തുഴഞ്ഞ് രക്ഷാപ്രവർത്തനം നടത്തേണ്ടതില്ല, പകരം ഓഫീസിലിരുന്ന് കാര്യങ്ങൾ അടിയന്തരമായി ഏകോപിപ്പിക്കുകയും ഫണ്ട് അനുവദിക്കുകയുമാണ് വേണ്ടത്. അത് സതീശൻ ഉത്തരവാദിത്തത്തോടെ നിർവ്വഹിക്കുന്നുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.