ഡൽഹി: കേരളത്തിലെ ദേശീയപാത വികസനവും വിവിധ റോഡ്-റോപ്പ് വേ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉന്നതതല കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുന്ന നിരവധി നിർണായക തീരുമാനങ്ങൾക്കാണ് കൂടിക്കാഴ്ചയിൽ ധാരണയായത്.
ദേശീയപാത 66 (NH 66) വികസനത്തിൽ നേരിടുന്ന നിലവിലെ കാലതാമസങ്ങൾ പരിഹരിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗം നൽകാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി. കൂടാതെ, യാത്രാദുരിതം പരിഹരിക്കുന്നതിനായി ജനങ്ങൾ കാത്തിരിക്കുന്ന NH 966 കോഴിക്കോട്–പാലക്കാട് പദ്ധതിയുടെ തുടർ അംഗീകാരം മൂന്ന് മാസത്തിനകം ലഭ്യമാക്കും. ഈ പദ്ധതിക്കാവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ 80 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്.
തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് ആവശ്യമായ കേന്ദ്ര മന്ത്രിസഭാ അംഗീകാരം വൈകാതെ ലഭ്യമാക്കുമെന്നും കൂടിക്കാഴ്ചയിൽ മന്ത്രി ഉറപ്പ് ലഭിച്ചു. ദേശീയപാത നിർമാണത്തിന് അത്യാവശ്യമായ പുഴമണലും ക്വാറി മെറ്റീരിയലുകളും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും.
ശബരിമല തീർത്ഥാടകർക്ക് വലിയ ആശ്വാസമാകുന്ന ശബരിമല റോപ്പ് വേ പദ്ധതിയുടെ ഡി.പി.ആർ അടിയന്തരമായി പൂർത്തിയാക്കും. പദ്ധതിക്കാവശ്യമായ കേന്ദ്ര-സംസ്ഥാന അനുമതികൾ വേഗത്തിലാക്കി രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ വെസ്റ്റേൺ എറണാകുളം ബൈപാസ്, കോതമംഗലം–മൂവാറ്റുപുഴ ബൈപാസുകൾ, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി റോഡുകൾ, മറ്റ് പ്രധാന റോപ്പ് വേ പദ്ധതികൾ എന്നിവ വേഗത്തിലാക്കാൻ കേന്ദ്രത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സഹകരണത്തോടെ വികസന പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കാനുള്ള ഉറപ്പാണ് കൂടിക്കാഴ്ചയിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്.