ന്യൂഡൽഹി: അന്താരാഷ്ട്ര യാത്രക്കാർക്ക് വൻ ഓഫറുമായി പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ. ടാറ്റ കമ്മ്യൂണിക്കേഷൻസുമായി സഹകരിച്ച് 'ഈസിറോം' (EzRoam) എന്ന പേരിൽ എയർ ഇന്ത്യ ബ്രാൻഡഡ് ട്രാവൽ സിം കാർഡുകൾ കമ്പനി പുറത്തിറക്കി. വിദേശ രാജ്യങ്ങളിൽ യാതൊരു തടസ്സവുമില്ലാതെ മികച്ച വോയ്സ്, ഡാറ്റ റോമിങ് സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫിസിക്കൽ സിം കാർഡായോ, അല്ലെങ്കിൽ ഇ-സിം (eSIM) ആയോ യാത്രക്കാർക്ക് ഇത് സ്വന്തമാക്കാം. ടാറ്റ ഗ്രൂപ്പിന്റെ തന്നെ ഭാഗമായ എയർ ഇന്ത്യയും ടാറ്റ കമ്മ്യൂണിക്കേഷൻസും ചേർന്നാണ് ഈ പദ്ധതി വികസിപ്പിച്ചത്. ആദ്യഘട്ടത്തിൽ സിം കാർഡുകൾ സൗജന്യമായി നൽകുമെങ്കിലും റോമിങ് പാക്കുകളുടെ നിരക്ക് യാത്രക്കാർ നൽകേണ്ടിവരും.
വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യാ പസഫിക്, മിഡിൽ ഈസ്റ്റ് തുടങ്ങിയ മേഖലകളിലെ 30 രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഈ സേവനം ലഭ്യമാകുക. 241 രൂപ മുതലാണ് റോമിങ് പ്ലാനുകൾ ആരംഭിക്കുന്നത്. പോകേണ്ട രാജ്യത്തിനും തെരഞ്ഞെടുക്കുന്ന പ്ലാനിനും അനുസരിച്ച് പ്ലാൻ നിരക്കുകളിൽ മാറ്റമുണ്ടാകും. സമീപഭാവിയിൽ തന്നെ 190-ഓളം രാജ്യങ്ങളിലേക്ക് ഈ സേവനം വിപുലീകരിക്കാനും എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്.
വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം ഓഫറുമായി എയർ ഇന്ത്യ
വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം ഓഫറുമായി എയർ ഇന്ത്യ