പ്രധാന്റെ രാജി ആവശ്യത്തിലുറച്ച് സിജെപി; കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായില്ല; നാളെ വീണ്ടും ചര്‍ച്ച
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ രാജ്യ തലസ്ഥാനത്ത് വിദ്യാര്‍ത്ഥി പ്രക്ഷോഭം കനക്കുന്നതിനിടെ, കോക്റോച്ച് ജനതാ പാര്‍ട്ടിയുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ രണ്ടാം ഘട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്ന ആവശ്യത്തില്‍ സി.ജെ.പി ഉറച്ചുനിന്നു. വിഷയത്തില്‍ തീരുമാനം അറിയിക്കാന്‍ സര്‍ക്കാര്‍ ശനിയാഴ്ച ഉച്ചവരെ സമയം തേടിയതായി നേതാക്കള്‍ അറിയിച്ചു.
കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന രണ്ടാം ഘട്ട ചര്‍ച്ചയില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ, പി.എം.ഒ സഹമന്ത്രി ജിതേന്ദ്ര സിംഗ് എന്നിവരാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ചത്. സി.ജെ.പിക്കായി ദേശീയ വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള എഫ്.ഐ.ആറുകളും കേസ് നടപടികളും പിന്‍വലിക്കുക, പരീക്ഷാ ക്രമക്കേടുകള്‍ കാരണം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളില്‍ ധാരണയായതായി സി.ജെ.പി നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍, വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്ലാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെ വ്യക്തമാക്കി.
രണ്ടര മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ കേട്ടെന്നും, നാളെ ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്രമന്ത്രി ജെ.പി. നദ്ദ പ്രതികരിച്ചു. ജൂലൈ 20-ന് ജെ.പി. നദ്ദയുടെ വസതിയില്‍ വെച്ച് നടന്ന ഒന്നാം ഘട്ട ചര്‍ച്ചയ്ക്ക് ശേഷം സി.ജെ.പി നേതാക്കള്‍ തങ്ങളെ വീട്ടുതടങ്കലിലാക്കിയതായി ആരോപിച്ചിരുന്നു. തുടര്‍ന്ന് നിര്‍ബന്ധമായും ഒരു നിഷ്പക്ഷ വേദിയില്‍ വെച്ച് മാത്രമായിരിക്കും തുടര്‍ന്നുള്ള ചര്‍ച്ചകള്‍ എന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.