മേഘ്ന രാജ് കേരളത്തിന്റെ റാണിയായി എത്തുമ്പോള്‍, കന്നട താരം കോമള്‍ കുമാര്‍ ഡബിള്‍ ഷേഡില്‍ അഭിനയിക്കുന്ന പുതിയ ബഹുഭാഷാ ചിത്രം 'സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റി'ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കന്നടയിലെ സെന്‍സേഷണല്‍ സ്റ്റാര്‍ കോമള്‍ കുമാര്‍, മേഘന രാജ് സര്‍ജ, അനുഷ റായ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം കോമഡി, ഫാന്റസി, ആത്മീയ വിഷയങ്ങള്‍ എന്നിവ സമന്വയിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്. നടനും സംവിധായകനുമായ സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ, ഒരു ഇടവേളയ്ക്ക് ശേഷം നടി മേഘന രാജ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ജ്യോതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വികാസ് എസ് ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കന്നടയ്ക്ക് പുറമേ മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ കോമള്‍ കുമാര്‍, മേഘ്ന രാജ്, അനുഷ റായി എന്നിവര്‍ രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു വേഷത്തില്‍ കോമള്‍ കൊട്ടാര ചിത്രകാരനായും മറുവശത്ത് സിനിമാ സംവിധായകനായും അഭിനയിക്കുമ്പോള്‍, കേരളത്തിലെ രാജ്ഞിയുടെ വേഷത്തിലാണ് മേഘ്‌ന അഭിനയിക്കുന്നത്. മലയാളവും കന്നഡയും സംസാരിക്കുന്ന മേഘ്ന, കോമള്‍ കുമാറിനൊപ്പം ആദ്യമായിട്ടാണ് സ്‌ക്രീന്‍ പങ്കിടുന്നത്. സംവിധായകന്‍ സന്ദേശ് ഷെട്ടിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. പ്രമോദ് ഷെട്ടി, പ്രകാശ് തുമ്മിനാട്, വജ്രധിര്‍ ജെയിന്‍, ഉത്സവ്, കാര്‍ത്തിക് റാവു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ശിവമോഗ, കുന്ദാപുര തുടങ്ങിയ ലൊക്കേഷനുകളില്‍ കൂറ്റന്‍ സെറ്റ് ഇട്ടായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ കോറിയോഗ്രാഫര്‍ മലയാളി സാന്നിധ്യമായ അഷറഫ് ഗുരുക്കളാണ്. കരിയറിലെ ഏറ്റവും വലിയ സിനിമയാണ് 35 ദിവസത്തെ ആക്ഷന്‍ രംഗങ്ങളോടെ തീര്‍ത്തതെന്ന് അഷറഫ് ഗുരുക്കള്‍ പറയുന്നു. പഴയകാല യുദ്ധമുറകളും ആധുനിക ഫൈറ്റുകളും നര്‍മ്മവും കലര്‍ന്ന മികച്ച ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. സജീഷ് രാജ് ഛായാഗ്രഹണവും പ്രാന്‍ഷു ഝാ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. പി.ആര്‍.ഒ: പി.ശിവപ്രസാദ് (മലയാളം), ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്: യു.വി ഡിജിറ്റല്‍ പ്രമോഷന്‍സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.