സ്പെയിനിലെ കാട്ടുതീ ദുരിതബാധിതർക്ക് മെസ്സിയുടെ കൈത്താങ്ങ്; പുനർനിർമാണത്തിനായി 88 ലക്ഷം രൂപ സംഭാവന
മഡ്രിഡ്: സ്പെയിനിലെ കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. കാട്ടുതീ ബാധിച്ച പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനർനിർമാണ പ്രവർത്തനങ്ങൾക്കുമായി മെസ്സി 88 ലക്ഷം രൂപ (ഏകദേശം ഒരു ലക്ഷം യൂറോ) സംഭാവന നൽകി.
സ്പെയിനിലെ മഡ്രിഡിലുള്ള സിയേറ ഒസ്റ്റെ പ്രവിശ്യയിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായാണ് മുൻ ബാഴ്‌സലോണ താരം സഹായം നൽകിയത്. പ്രാദേശിക ഭരണകൂട മേധാവി ഇസബെൽ ഡയസ് അയുസോയാണ് മെസ്സിയുടെ സംഭാവനയെക്കുറിച്ച് വിവരം പുറത്തുവിട്ടത്.
യൂറോപ്പിൽ അനുഭവപ്പെട്ട കടുത്ത ഉഷ്ണതരംഗത്തെ തുടർന്നാണ് സ്പെയിനിൽ വ്യാപകമായ കാട്ടുതീ പടർന്നത്. വൻതോതിൽ വനമേഖലകളും ഭൂമിയും കത്തിനശിക്കുകയും നിരവധി ആളുകൾ ദുരിതത്തിലാകുകയും ചെയ്തിരുന്നു.
അർജന്റീനയിൽ ജനിച്ച മെസ്സി 13-ാം വയസിലാണ് ഫുട്ബോൾ കരിയറിന്റെ ഭാഗമായി സ്പെയിനിലെത്തിയത്. പിന്നീട് 21 വർഷത്തോളം സ്പെയിനിലായിരുന്നു താരം താമസിക്കുകയും കളിക്കുകയും ചെയ്തത്. ബാഴ്‌സലോണയ്ക്കൊപ്പം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ മെസ്സി പിന്നീട് ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജെർമെയ്‌നിലും അമേരിക്കൻ ക്ലബായ ഇന്റർ മയാമിയിലും കളിച്ചു.
2010 മുതൽ യൂണിസെഫിന്റെ ഗുഡ്‌വിൽ അംബാസഡറായ മെസ്സി സാമൂഹിക സേവന രംഗത്തും സജീവമാണ്. സ്വന്തം ലിയോ മെസ്സി ഫൗണ്ടേഷൻ വഴി കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, ദുരന്ത സഹായം തുടങ്ങിയ മേഖലകളിൽ താരം സ്ഥിരമായി സംഭാവനകൾ നൽകിവരുന്നു.
കായിക മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയിലൂടെയും ശ്രദ്ധ നേടുകയാണ് മെസ്സിയുടെ പുതിയ സഹായ പ്രവർത്തനം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.