ബുംറയ്ക്ക് പകരക്കാരനെ കണ്ടെത്തി ബിസിസിഐ; ടെസ്റ്റ് അരങ്ങേറ്റത്തിനൊരുങ്ങി ആഖിബ് നബി
മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിൽ മാറ്റം. പരിക്കിനെ തുടർന്ന് പുറത്തായ പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ജമ്മു കശ്മീർ പേസർ ആഖിബ് നബിയെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ടീമിൽ ഉൾപ്പെടുത്തി.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമായ ആഖിബ് നബിക്ക് ആദ്യമായാണ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ അവസരം ലഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഇടത് കാൽമുട്ടിന് സംഭവിച്ച പരിക്കിൽ നിന്ന് ബുംറ പൂർണമായി മുക്തനാകാത്ത സാഹചര്യത്തിലാണ് ബിസിസിഐ പകരക്കാരനെ പ്രഖ്യാപിച്ചത്.
ജമ്മു കശ്മീരിലെ ബാരമുള്ള സ്വദേശിയായ 29കാരനായ ആഖിബ് നബി, ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ ജമ്മു കശ്മീർ താരമാണ്. നേരത്തെ പർവേസ് റസൂലിനും ഉമ്രാൻ മാലിക്കിനും പിന്നാലെയാണ് ആഖിബ് ദേശീയ ടീമിന്റെ ഭാഗമാകുന്നത്.
കഴിഞ്ഞ രണ്ട് രഞ്ജി ട്രോഫി സീസണുകളിലായി 104 വിക്കറ്റുകൾ വീഴ്ത്തിയ ആഖിബ് ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധേയ പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണിൽ ജമ്മു കശ്മീരിന് ചരിത്രത്തിലെ ആദ്യ രഞ്ജി ട്രോഫി കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ച താരം 60 വിക്കറ്റുകളുമായി സീസണിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായിരുന്നു.
പന്തുകൊണ്ടും ബാറ്റുകൊണ്ടും സംഭാവന നൽകാൻ കഴിയുന്ന മികച്ച ഓൾറൗണ്ട് മികവാണ് ആഖിബിന്റെ പ്രത്യേകത. വാലറ്റത്ത് നിർണായക റൺസ് കണ്ടെത്താനും വിക്കറ്റ് വീഴ്ത്താനുമുള്ള കഴിവ് താരത്തെ ശ്രദ്ധേയനാക്കുന്നു.
അതേസമയം, കാൽമുട്ടിലെ പരിക്കിനെ തുടർന്ന് ജസ്പ്രീത് ബുംറ നിലവിൽ ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ സ്പോർട്സ് സയൻസ് ടീമിന്റെ നിരീക്ഷണത്തിലാണ്. വരാനിരിക്കുന്ന പ്രധാന പരമ്പരകൾ പരിഗണിച്ച് ബുംറയെ തിരക്കിട്ട് കളത്തിലിറക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിസിസിഐ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.