സ്വന്തം നാട്ടിൽ കാലുകുത്താനാകാതെ ബിജെപി കൗൺസിലർ; സുഗതന്റെ ജയിൽ പ്രതിജ്ഞ ഭരണസമിതിക്ക് അപമാനമെന്ന് കെ.എസ്. ശബരീനാഥൻ
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ നടത്താമെന്ന കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. കെ.എസ്. ശബരീനാഥൻ. സുഗതനെതിരെയുള്ള 'കാപ്പാ' കേസ് ബഹുമാനപ്പെട്ട കോടതി എത്രത്തോളം പ്രാധാന്യത്തോടെയാണ് കാണുന്നത് എന്നതിന്റെ തെളിവാണ് ഈ ഉത്തരവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഒരു ജനപ്രതിനിധി ഏത് സാഹചര്യത്തിലായാലും സത്യപ്രതിജ്ഞ ചെയ്യുക എന്നത് ജനങ്ങളുടെ അവകാശമായതുകൊണ്ട് മാത്രമാണ് കോടതി ഇന്ന് സുഗതന് ഇതിനുള്ള അനുമതി നൽകിയതെന്നും, അല്ലാത്തപക്ഷം വിധി മറ്റൊന്നാകുമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ നടക്കുന്നതുകൊണ്ട് അദ്ദേഹത്തിന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവസാനിക്കുന്നില്ലെന്നും ശബരീനാഥൻ ഓർമ്മിപ്പിച്ചു. സുഗതന്റെ അയോഗ്യതയുമായി ഈ കേസിന് ബന്ധമില്ലെന്നും, വരും ദിവസങ്ങളിൽ കോർപ്പറേഷൻ കൗൺസിൽ കൂടുമ്പോൾ ഈ വിഷയം നിയമപരമായി തന്നെ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന നഗരസഭയിലെ ഒരു അംഗത്തിന് സ്വന്തം നാട്ടിലോ കോർപ്പറേഷനിലോ കാലുകുത്താൻ കഴിയാതെ, 288 കിലോമീറ്റർ അകലെയുള്ള തൃശൂർ വിയ്യൂർ ജയിലിൽ കിടന്ന് സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുന്നത് തിരുവനന്തപുരം നഗരത്തിന് വലിയ നാണക്കേടും നിലവിലെ ഭരണസമിതിക്ക് കടുത്ത അപമാനവുമാണെന്ന് ശബരീനാഥൻ കുറിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.