കൊല്ലം നീണ്ടകര പുത്തൻതുറ സ്വദേശിനിയായ അഞ്ജുവിന് നേരെ സ്ത്രീധനത്തിന്റെ പേരിൽ ഉണ്ടായ ക്രൂരമായ പീഡനത്തിൽ ശക്തമായ നടപടികളുമായി സംസ്ഥാന സർക്കാർ. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്ത്രീധനത്തിന്റെ പേരിലുള്ള ഇത്തരം അതിക്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും, അന്വേഷണത്തിലും നടപടികളിലും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി.
കഴിഞ്ഞ ജൂൺ 27-നായിരുന്നു അഞ്ജുവിന്റെയും നന്ദുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടതോടെ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഭർത്താവും ഭർതൃമാതാപിതാക്കളും ചേർന്ന് അഞ്ജുവിനെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി. തുടർന്ന് ഭർത്താവ് അഞ്ജുവിനെ വിദേശത്തേക്ക് വരുത്തുകയും, അവിടെവെച്ച് അതിക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയാക്കുകയുമായിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് മുൻപ് ഇഷ്ടത്തിലായിരുന്ന മറ്റൊരു യുവതിയുമായി അഞ്ജുവിന്റെ ശരീരം താരതമ്യം ചെയ്ത് അപമാനിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
പീഡനങ്ങൾ സഹിക്കവയ്യാതെ വന്നതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടികളാണ് ഉണ്ടായത്. സംഭവത്തിൽ ഭർത്താവ് നന്ദു, ഭർതൃപിതാവ് ദിനേശ്, ഭർതൃമാതാവ് ജഗദമ്മ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീധന പീഡനമടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ക്രൂരമായ പീഡനത്തിന് ഇരയായ യുവതി നിലവിൽ ചികിത്സയിലാണ്.