കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമഗ്രമായ വളർച്ചയും മുന്നേറ്റവും ലക്ഷ്യമിട്ട് വൻ വികസന പദ്ധതികൾ ഒരു വർഷത്തിനകം നടപ്പിലാക്കുമെന്ന് പ്രഖ്യാപനം. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിന് (ജി.ഡി.പി) കരുത്തേകുന്ന തരത്തിൽ കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളെ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കി വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കണ്ണൂർ എയർപോർട്ടിൽ പുതുതായി സജ്ജമാക്കിയ അന്താരാഷ്ട്ര എയർ കാർഗോ കോംപ്ലക്സും നാല് മെഗാവാട്ട് സൗരോർജ്ജ പദ്ധതിയും ഉദ്ഘാടനം ചെയ്യവെയാണ് ഈ പ്രഖ്യാപനം. 'പോയിന്റ് ഓഫ് കോൾ' പദവി ലഭിക്കാത്തതാണ് കണ്ണൂരിൽ നിന്ന് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നതിന് പ്രധാന തടസ്സം. ഇത് പരിഹരിക്കാൻ കേന്ദ്ര സർക്കാരുമായി ചേർന്ന് അടിയന്തര ഇടപെടലുകൾ നടത്തുമെന്നും ഉറപ്പുനൽകി.
എയർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ രണ്ടായിരത്തോളം പുതിയ വിമാനങ്ങൾ ഓർഡർ ചെയ്തിട്ടുള്ളതിനാൽ ഭാവിയിൽ വ്യോമയാന മേഖലയിൽ പൈലറ്റുമാരുടെ വലിയ ക്ഷാമമുണ്ടാകും. ഈ സാധ്യത മുന്നിൽക്കണ്ട് കണ്ണൂരിൽ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള പൈലറ്റ് പരിശീലന കേന്ദ്രം ആരംഭിക്കും. ഇതോടൊപ്പം ഹെലികോപ്റ്റർ പൈലറ്റ് ട്രെയിനിങ് സെന്റർ, എയർക്രാഫ്റ്റ് മെയിന്റനൻസ് (MRO) സംവിധാനം, സിമുലേറ്റർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും സജ്ജമാക്കി കണ്ണൂരിനെ സമ്പൂർണ്ണ ഏവിയേഷൻ ഹബ്ബാക്കി മാറ്റാനാണ് പദ്ധതി.
വിമാനത്താവള വികസനത്തിന് കൊച്ചി എയർപോർട്ടിന്റെ (CIAL) കൺസൾട്ടൻസി സർവീസ് ലഭ്യമാക്കുന്നുണ്ട്. മുപ്പത് വർഷത്തെ പ്രവർത്തന പരിചയമുള്ള സിയാലിന് കുറഞ്ഞ ചെലവിൽ വിമാനത്താവളങ്ങൾ നിർമ്മിക്കാനുള്ള വൈദഗ്ധ്യമുണ്ട് (ഇതിനകം ദുർഗാപൂർ എയർപോർട്ടിലെ പദ്ധതി സിയാലിന് ലഭിച്ചിട്ടുണ്ട്). കൂടാതെ, സോളാർ വൈദ്യുതി സംഭരിച്ചുവെക്കാൻ പൊതുവായ സ്റ്റോറേജ് ബാറ്ററി ഫെസിലിറ്റി ഒരുക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നുണ്ട്. സിയാലിലെ സ്ഥലപരിമിതി കാരണം അവിടുത്തെ സോളാർ ശേഷിയുടെ ഒരു ഭാഗം കണ്ണൂരിലേക്ക് മാറ്റുന്നതും പരിഗണനയിലാണ്.
കണ്ണൂർ നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന റോഡുകളുടെ നിർമ്മാണം വേഗത്തിലാക്കും. രണ്ടാം റൺവേ വികസനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ച 240 ഏക്കർ ഭൂമിയെക്കുറിച്ചുള്ള പ്രദേശവാസികളുടെ ആശങ്കകൾക്ക് രണ്ട് മാസത്തിനുള്ളിൽ ശാശ്വതമായ പരിഹാരം കാണും. ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. എം.പിമാരായ കെ. സുധാകരൻ, അഡ്വ. പി. സന്തോഷ് കുമാർ, കണ്ണൂർ കോർപ്പറേഷൻ മേയർ പി. ഇന്ദിര, ജനപ്രതിനിധികൾ, ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, കിയാൽ (KIAL) എം.ഡി സി. ദിനേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.