സിനിമാ സംഘടനാ അംഗങ്ങൾ തമ്മിലുള്ള ആഭ്യന്തര തർക്കങ്ങളും കേസുകളും കോടതികളിലേക്ക് നിരന്തരം എത്തുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പാവപ്പെട്ട സാധാരണക്കാരുടെ അനവധി ജീവിതപ്രശ്നങ്ങൾ നീതിതേടി മുന്നിൽ കിടക്കുമ്പോഴാണ് ഇത്തരക്കാരുടെ വ്യക്തിഗത തർക്കങ്ങൾ തീർക്കാൻ കോടതി സമയം ചെലവഴിക്കേണ്ടി വരുന്നതെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നിരീക്ഷിച്ചു. നടി ലക്ഷ്മിപ്രിയ നൽകിയ ഹർജിയിൽ നടി അൻസിബയ്ക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, കേസ് കൂടുതൽ വാദത്തിനായി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
അൻസിബ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്.ഐ. രേഷ്മ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുക്കാൻ മജിസ്‌ട്രേട്ട് കോടതി തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസിന് മുൻപ് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലക്ഷ്മിപ്രിയ ഹൈക്കോടതിയെ സമീപിച്ചത്. മുൻപ് ലക്ഷ്മിപ്രിയ നൽകിയ ഒരു പരാതിയിൽ അൻസിബയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ ആ പരാതി വ്യാജമാണെന്നും തന്നെ മാനസികമായി പീഡിപ്പിക്കാനും അപമാനിക്കാനുമാണ് ശ്രമിച്ചതെന്നും അൻസിബ ആരോപിക്കുന്നു. തന്നെ സ്റ്റേഷനിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ച് നിർബന്ധിച്ച് മാപ്പെഴുതി വാങ്ങിച്ചെന്നും അൻസിബ വ്യക്തമാക്കിയിട്ടുണ്ട്.
യൂട്യൂബ് ചാനൽ അഭിമുഖത്തിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് കാട്ടി അൻസിബ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് നടപടിയെടുക്കാതിരുന്നതും മജിസ്ട്രേട്ട് കോടതി അന്വേഷണം നിഷേധിച്ചതും മുൻപ് ഇതേ ഹൈക്കോടതി ബെഞ്ചിന്റെ പരിഗണനയിൽ വന്നിരുന്നു. തുടർന്ന് വിഷയം വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി നിർദേശിക്കുകയും മജിസ്ട്രേട്ട് കോടതി ഉത്തരവിൻപ്രകാരം പാലാരിവട്ടം പൊലീസ് കഴിഞ്ഞദിവസം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ആദ്യം മാനനഷ്ട വകുപ്പുകൾ മാത്രം ഉൾപ്പെടുത്തിയാണ് കേസ് എടുത്തതെന്നതിനാൽ കോടതിയലക്ഷ്യ ഹർജി നൽകുമെന്ന് അൻസിബയുടെ അഭിഭാഷകൻ വ്യക്തമാക്കിയെങ്കിലും, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തിയെന്ന ബി.എൻ.എസ് (BNS) 74(ബി) വകുപ്പുകൂടി നിലവിൽ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം.