തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കൾക്ക് സ്വർണമോതിരം സമ്മാനിക്കുന്ന 'തായ്മാമൻ തങ്കമോതിരം' പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
ടി.വി.കെ. (തമിഴക വെട്രി കഴകം) പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യമായി ഒരു ഗ്രാമിന്റെ സ്വർണമോതിരം നൽകുമെന്നത്. ഉദ്ഘാടനച്ചടങ്ങിൽ അമ്മമാരുടെ മടിയിലിരുന്ന കുഞ്ഞുങ്ങളുടെ അടുത്ത് മുട്ടുകുത്തിനിന്ന് വിനയത്തോടെ മോതിരം അണിയിക്കുന്ന വിജയ്‌യുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളിൽ വലിയ പ്രചാരം നേടിയിട്ടുണ്ട്.
ഈ വർഷം ജൂൺ 22-ന് ശേഷമാണ് കുട്ടികൾ ജനിച്ചതെങ്കിൽ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുണ്ടാകും. ജൂൺ 22 മുതൽ സെപ്റ്റംബർ 22 വരെയുള്ള കാലയളവിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സംസ്ഥാനത്തുടനീളമുള്ള 107 കേന്ദ്രങ്ങൾ വഴിയാണ് സ്വർണമോതിരം വിതരണം ചെയ്യുന്നത്. തിങ്കളാഴ്ച മുതൽ ജനിക്കുന്ന കുട്ടികൾക്ക് ആശുപത്രി വിടുന്ന സമയത്ത് തന്നെ ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണമോതിരം കൈമാറും.
തമിഴ്‌നാട്ടിൽ സ്ഥിരതാമസക്കാരായ അമ്മമാരുടെ കുട്ടികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകുക. പദ്ധതിയുടെ ആദ്യഘട്ട വിതരണത്തിനായി 1.28 ലക്ഷം സ്വർണ മോതിരങ്ങളാണ് തയാറാക്കിയിട്ടുള്ളത്. ഇതിനായി തമിഴ്‌നാട് സർക്കാർ 755.83 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.