ഐഎസ്എല്ലില്‍ നിന്ന് പിന്മാറി ജംഷദ്പുര്‍ എഫ്സി; അടുത്ത സീസണില്‍ കളിക്കില്ല
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണില്‍ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് ജംഷദ്പുര്‍ എഫ്സി. വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ക്ലബ്ബ് നിര്‍ണായക തീരുമാനം അറിയിച്ചത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിശ്ചയിച്ച നിശ്ചിത തുക സമയപരിധിക്കുള്ളില്‍ അടയ്ക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് പിന്മാറ്റം. ഇതോടെ ലീഗിലെ ജംഷദ്പുരിന്റെ ഒന്‍പത് വര്‍ഷം നീണ്ട പ്രയാണത്തിനാണ് തിരശ്ശീല വീഴുന്നത്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള ഫീസായി ആദ്യഘട്ടത്തില്‍ 55 ലക്ഷം രൂപയാണ് ക്ലബ്ബുകള്‍ അടയ്ക്കേണ്ടിയിരുന്നത്. തുക അടയ്ക്കാനുള്ള അവസാന തീയതി ജൂലൈ 20 ആയിരുന്നെങ്കിലും പിന്നീട് ഇത് ജൂലൈ 31 വരെ നീട്ടിനല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ക്ലബ്ബ് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു. ജംഷദ്പുരിന് പുറമേ ഐ-ലീഗ് ചാമ്പ്യന്മാരായ ഇന്റര്‍ കാശിയും ഈ തുക അടച്ചിട്ടില്ലെന്നാണ് വിവരം.
ഐഎസ്എല്‍ ഉപേക്ഷിക്കുകയാണെങ്കിലും രാജ്യത്തെ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി. ഗ്രാസ്‌റൂട്ട് തലത്തില്‍ പുതിയ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുന്നതിനും, അവര്‍ക്ക് ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള അക്കാദമി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ സീസണില്‍ ലീഗില്‍ ആറാം സ്ഥാനത്താണ് ജംഷദ്പുര്‍ എഫ്സി ഫിനിഷ് ചെയ്തിരുന്നത്. ക്ലബ്ബിന്റെ അപ്രതീക്ഷിത പിന്മാറ്റം ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെയും ടാറ്റ ഗ്രൂപ്പിന്റെ ഫുട്‌ബോള്‍ പിന്തുണക്കാരെയും ഒരുപോലെ നിരാശരാക്കിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.