അക്ഷയ് കുമാറിന്റെ ഫിറ്റ്‌നസ് രഹസ്യം ഇതോ? താരം ഇഷ്ടപ്പെടുന്ന ഹെൽത്തി 'ബീറ്റ്‌റൂട്ട്-ചനാ ടിക്കി' തയ്യാറാക്കാം
58-ാം വയസ്സിലും മികച്ച ഫിറ്റ്‌നസ് നിലനിർത്തുന്ന ബോളിവുഡ് താരം അക്ഷയ് കുമാർ പിന്തുടരുന്നത് കർശനമായ ഭക്ഷണക്രമവും സ്ഥിരമായ വ്യായാമവുമാണ്. പെട്ടെന്ന് തടി കുറയ്ക്കുന്ന ഡയറ്റുകളേക്കാൾ വീട്ടിൽ തയ്യാറാക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് താരം അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അക്ഷയ് കുമാറിന്റെ പ്രിയപ്പെട്ട ഹെൽത്തി സ്നാക്കുകളിൽ ഒന്നാണ് 'ബീറ്റ്‌റൂട്ട്-ചനാ ടിക്കി'. വേവിച്ച കടല, ചിരകിയ ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, ഓട്‌സ് പൗഡർ, ഇഞ്ചി, മല്ലിയില, ജീരകം, നാരങ്ങാനീര് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം ചെറിയ ടിക്കികളാക്കി ഒലീവ് ഓയിലിൽ ചെറുതായി വേവിച്ചാണ് തയ്യാറാക്കുന്നത്.
ബീറ്റ്‌റൂട്ടിന്റെ ആരോഗ്യഗുണങ്ങൾ
ബീറ്റ്‌റൂട്ടിൽ നൈട്രേറ്റുകൾ, ഫോളേറ്റ്, ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ദഹനം സുഗമമാക്കാനും ശരീരത്തിന് കൂടുതൽ ഊർജം നൽകാനും സഹായിക്കുന്നു.
പ്രോട്ടീനും ഫൈബറും നിറഞ്ഞ ഈ ഹെൽത്തി സ്നാക്ക് ശരീരഭാരം നിയന്ത്രിക്കാനും ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരാനും ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു തിരഞ്ഞെടുപ്പാണ്.
ബീറ്റ്‌റൂട്ട്-ചനാ ടിക്കി
ചേരുവകൾ:
വേവിച്ച കടല - 1 കപ്പ്
ബീറ്റ്‌റൂട്ട് - 1 എണ്ണം (മീഡിയം സൈസ്)
വേവിച്ച ഉരുളക്കിഴങ്ങ് - 1 എണ്ണം (ചെറുത്)
ഓട്‌സ് പൗഡർ - 2 ടേബിൾ സ്പൂൺ
ഇഞ്ചി ചതച്ചത് - 1 ടീസ്പൂൺ
മല്ലിയില - 2 ടേബിൾ സ്പൂൺ
വറുത്തുപൊടിച്ച ജീരകം - ½ ടീസ്പൂൺ
മുളകുപൊടി - ½ ടീസ്പൂൺ
ഗരം മസാല - ½ ടീസ്പൂൺ
നാരങ്ങാനീര് - 1 ടീസ്പൂൺ
ഒലീവ് ഓയിൽ - 1-2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
കടല തലേദിവസം വെള്ളത്തിൽ കുതിർത്തുവയ്ക്കുക. പിറ്റേന്ന് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുക്കറിൽ 2 മുതൽ 4 വിസിൽ വരെ വേവിച്ചെടുക്കുക. ചൂടാറിയ ശേഷം ഇത് നന്നായി ഉടച്ചെടുക്കണം. ഇതിലേക്ക് ചിരകിയ ബീറ്റ്‌റൂട്ട്, വേവിച്ച ഉരുളക്കിഴങ്ങ്, ഓട്‌സ് പൗഡർ, ഇഞ്ചി, മല്ലിയില, മസാലകൾ, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഈ മിശ്രിതം ചെറിയ ഉരുളകളാക്കി വട്ടത്തിലോ നീളത്തിലോ ടിക്കി രൂപത്തിലാക്കുക.
ഒരു നോൺ-സ്റ്റിക് പാൻ ചൂടാക്കി അല്പം ഒലീവ് ഓയിൽ പുരട്ടുക. ടിക്കി പാനിലിട്ട് ഇടത്തരം തീയിൽ രണ്ട് ഭാഗവും 3-4 മിനിറ്റ് വീതം വേവിച്ചെടുക്കുക. ഇത് ഗോൾഡൻ ബ്രൗൺ നിറവും നേരിയ മൊരിഞ്ഞ പരുവവും ആകുമ്പോൾ പാനിൽ നിന്ന് മാറ്റാം. പുതിന-മല്ലിയില ചട്ണിയോടൊപ്പമോ ഹംഗ് കേർഡ് ഡിപ്പിനൊപ്പമോ (വെള്ളം കളഞ്ഞ തൈര്) ചൂടോടെ കഴിക്കാം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.