'അമ്മ പ്രസിഡന്റ് സ്ഥാനം ഞാൻ രാജിവെക്കുന്നു'; ചിരിപ്പിച്ച് ധ്യാൻ ശ്രീനിവാസന്റെ മറുപടി
താരസംഘടനയായ 'അമ്മ’ യിലെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി പുതുതലമുറ താരങ്ങൾ സംഘടനയുടെ നേതൃത്വത്തിലേക്ക് വരണമെന്ന അഭിപ്രായം അടുത്തിടെ ശക്തമായിരുന്നു. ഉഷ ഹസീന ഉൾപ്പെടെയുള്ള ചില അംഗങ്ങൾ ഈ അഭിപ്രായം പരസ്യമായി പങ്കുവച്ചിരുന്നു. ഈ ചർച്ചകളിൽ ഉയർന്നുവന്ന പ്രധാന പേരുകളിലൊന്നായിരുന്നു നടൻ ധ്യാൻ ശ്രീനിവാസന്റേത്.
ഇപ്പോഴിതാ, ‘അമ്മ’ നേതൃത്വവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. താൻ അഭിനയിക്കുന്ന ‘വിസിറ്റർ’ എന്ന ചിത്രത്തിന്റെ സ്വിച്ചോൺ ചടങ്ങിൽ സംസാരിക്കവെയായിരുന്നു ധ്യാന്റെ പ്രതികരണം. സ്വതസിദ്ധമായ നർമ്മശൈലിയിലൂടെയാണ് ധ്യാൻ വിഷയത്തെ സമീപിച്ചത്. ‘അമ്മ’ പ്രസിഡന്റാകുന്നതുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്തകളെക്കുറിച്ച് തമാശയോടെയാണ് താരം സംസാരിച്ചത്.
“വിജയ് മുഖ്യമന്ത്രിയായപ്പോൾ അടുത്ത 15 വർഷത്തേക്ക് മുഖ്യമന്ത്രി ആകാനുള്ള തയ്യാറെടുപ്പിലാണെന്ന് ഞാൻ അജുവിനോട് മുമ്പ് പറഞ്ഞിരുന്നു. പിന്നീട് ഓസ്ട്രേലിയയിൽ ഒരു സ്റ്റേജ് ഷോയിൽ നിൽക്കുമ്പോൾ അജുവിന്റെ കോൾ വന്നു. നിനക്ക് മുഖ്യമന്ത്രി ആവേണ്ട, അതിന് മുൻപ് ഒരു തുടക്കമെന്ന നിലയിൽ ‘അമ്മ’യുടെ പ്രസിഡന്റാവൂ എന്ന് പറഞ്ഞു. വിജയ് ചെയ്തതുപോലെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി പതിയെ മുന്നോട്ട് പോകാമെന്നും പറഞ്ഞു,” ധ്യാൻ പറഞ്ഞു.
‘അമ്മ’യുടെ നേതൃത്വത്തിലേക്ക് താൻ വരുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതായും സംഘടനയിലെ ചിലർ തന്നെ പ്രസിഡന്റാക്കാൻ ശ്രമിച്ചിരുന്നതായും ധ്യാൻ വ്യക്തമാക്കി.“പിന്നീട് ലാലേട്ടന്റെ ഷോയ്ക്കായി അയർലൻഡിൽ നിൽക്കുമ്പോൾ ഞാൻ കണ്ടത് ‘അമ്മ’ പ്രസിഡന്റാകാൻ ഞാൻ സന്നദ്ധത അറിയിച്ചു എന്ന വാർത്തയാണ്. അതിനിടെ അജു എന്നോട് പറഞ്ഞു, നീ ‘അമ്മ’യുടെ നേതൃത്വത്തിലേക്ക് വരണ്ട, അവിടെ ഒരുപാട് പ്രശ്നങ്ങളുണ്ട്. നീ മുഖ്യമന്ത്രിയും ‘അമ്മ’ പ്രസിഡന്റും ആവണ്ട, ഗവർണർ ആയാൽ മതി. ഗവർണർ ആയാൽ വലിയ പണിയില്ലെന്നും പറഞ്ഞു,” ധ്യാൻ തമാശയായി പറഞ്ഞു.
അതേസമയം, ‘അമ്മ’ പ്രസിഡന്റാകാൻ പോകുന്നുവെന്ന വാർത്ത കേട്ട് തന്റെ അമ്മയും പ്രതികരിച്ചിരുന്നുവെന്ന് ധ്യാൻ പറഞ്ഞു. “മോനേ നീ ‘അമ്മ’യുടെ പ്രസിഡന്റാകാൻ പോകുന്നെന്ന് കേട്ടു, അത് ഒരിക്കലും പാടില്ലെന്ന് അമ്മ പറഞ്ഞു. അച്ഛൻ ആ സ്ഥാനത്തേക്ക് വരാതിരുന്നതിനുള്ള കാരണം സ്ട്രെയ്റ്റ് ഫോർവേഡ് ആയിട്ടുള്ള ആളുകൾക്ക് അത് പറ്റില്ല എന്നതുകൊണ്ടാണ്,” എന്നും ധ്യാൻ കൂട്ടിച്ചേർത്തു. അവസാനം, സദസിന്റെ ചിരിക്കും കൈയടികൾക്കുമിടയിൽ നർമ്മത്തോടെ ധ്യാൻ പറഞ്ഞു: “ഒരിക്കലും ആകാൻ ആഗ്രഹിക്കാത്ത ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഞാൻ ഇവിടെ രാജിവെക്കുകയാണ്.”`ധ്യാന്റെ ഈ പ്രതികരണം ചടങ്ങിൽ വലിയ ചിരിയോടെയാണ് സ്വീകരിക്കപ്പെട്ടത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.